ശ്രീകണ്ഠപുരം: കെഎസ്ആർടിസി കണ്ണൂർ ഡിപ്പോയുടെ ടൂറിസം ഡെസ്റ്റിനേഷനുകളിലേക്കുള്ള മലയോര ഉല്ലാസയാത്ര 'എക്സ്പ്ലോർ മലയോരം' യാത്രയ്ക്ക് തുടക്കമായി. രാവിലെ 7.30 ന് കണ്ണൂർ ഡിപ്പോയിൽ നിന്നാണ് സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ള 48 അംഗ സംഘം യാത്ര ആരംഭിച്ചത്.
ജില്ലയിലെ പ്രധാന ടൂറിസം കേന്ദ്രങ്ങളായ പൈതൽമല, ഏഴരക്കുണ്ട് വെള്ളച്ചാട്ടം, പാലക്കയംതട്ട് എന്നിവിടങ്ങളിലേക്കാണ് ഒരു പകൽ ദിനം മുഴുവൻ ആസ്വദിക്കാവുന്ന വിധത്തിൽ യാത്ര ഒരുക്കിയത്. ഉച്ചഭക്ഷണം, ചായ, ലഘുഭക്ഷണം എന്നിവ ഉൾപ്പെടെ 750 രൂപ മാത്രമാണ് ഒരാൾക്ക് ഈടാക്കിയത്. ഏറ്റവും ചുരുങ്ങിയ ചെലവിൽ ആനവണ്ടിയിലുള്ള ഉല്ലാസയാത്രയെ യാത്രക്കാരും ഏറ്റെടുക്കുകയായിരുന്നു.
ആദ്യ സർവസീനും യാത്രികർക്കും സജീവ് ജോസഫ് എംഎൽഎ യുടെ നേതൃത്വത്തിൽ പൈതൽ മലയുടെ താഴ് വാരത്ത് പൊട്ടൻപ്ലാവിൽ സ്വീകരണം നൽകുകയും യാത്ര ഫ്ലാഗ് ഓഫ് ചെയ്യുകയും ചെയ്തു. നടുവിൽ പഞ്ചായത്ത് പ്രസിഡന്റ് ബേബി ഓടംപള്ളി അധ്യക്ഷത വഹിച്ചു. റിട്ട. സബ് ഇൻസ്പെക്ടർ ജോസ് കുരുവിള, പൊട്ടൻപ്ലാവ് സെന്റ് ജോസഫ് ദേവാലയ വികാരി ഫാ. ജോസഫ് ആനച്ചാരിൽ, കെഎസ്ആർടിസി ജനറൽ കൺട്രോളിംഗ് ഓപ്പറേറ്റർ സജിത്ത് സദാനന്ദൻ, കെ.ജെ. റോയ്, പി.ജെ. ജോസഫ്, കെ.ആർ. തൻസീർ, കെ.വി. തോമസ് എന്നിവർ സ്വീകരണ ചടങ്ങിന് നേതൃത്വം നൽകി.ഞായറാഴ്ചകളിൽ മാത്രമാണ് 'എക്സ്പ്ലോർ മലയോരം' ഉല്ലാസയാത്ര നടത്തുന്നത്. മുൻകൂട്ടി ബുക്ക് ചെയ്യുന്നവർക്ക് മാത്രമാണ് യാത്രയ്ക്ക് അവസരം.
Post a Comment