കീവ്: റഷ്യൻ സേനയുടെ 64 കിലോമീറ്റർ നീളമുള്ള ടാങ്ക് വ്യൂഹം യുക്രൈൻ തലസ്ഥാനമായ കീവിലേക്ക് നീങ്ങുന്നതായി റിപ്പോർട്ട്. മാക്സർ ടെക്നോളജീസ് എന്ന അമേരിക്കയിലെ ഒരു സ്വകാര്യ കമ്പനി പുറത്തുവിട്ട ഉപഗ്രഹ ചിത്രങ്ങളിലാണ് ഇക്കാര്യം വ്യക്തമാകുന്നതെന്ന് വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. യുക്രൈന്റെ വടക്കൻ മേഖലയിൽ നിന്നാണ് റഷ്യയുടെ കൂറ്റൻ സൈനിക വ്യൂഹം കീവിലേക്ക് അടുക്കുന്നത്.
നൂറുകണക്കിന് ടാങ്കുകളും റോക്കറ്റ് വിക്ഷേപിണികളും ഇന്ധനടാങ്കുകളും നിരവധി വാഹനങ്ങളും പടക്കോപ്പുകളും സൈനിക വ്യൂഹത്തിലുണ്ടെന്നാണ് വിവരം. യുക്രൈൻ അതിർത്തിയിൽ നിന്ന് 32 കിലോമീറ്റർ അകലെ തെക്കൻ ബെലാറുസിൽ കൂടുതൽ സൈനികരും ഹെലികോപ്റ്ററുകളും നിലയുറപ്പിച്ചതായും യുഎസ് കമ്പനി പുറത്തുവിട്ട ഉപഗ്രഹ ചിത്രങ്ങൾ വ്യക്തമാക്കുന്നു.
കീവിൽ വരുംമണിക്കൂറുകളിൽ റഷ്യ ശക്തമായ അക്രമണം നടത്തിയേക്കുമെന്നാണ് ഉപഗ്രഹ ചിത്രങ്ങൾ നൽകുന്ന സൂചന. കഴിഞ്ഞ ദിവസങ്ങളിൽ നിന്ന് വ്യത്യസ്തമായി പൂർണ ശക്തിയിൽ മാരകമായ മിസൈലുകൾ ഉൾപ്പെടെയുള്ളവ യുക്രൈന് മേൽ റഷ്യ പ്രയോഗിച്ചേക്കുമെന്നും റിപ്പോർട്ടുകളുണ്ട്.
ആക്രമണം രൂക്ഷമാകുന്ന സാചര്യത്തിൽ കീവിലെ ഇന്ത്യൻ എംബസി അടച്ചിട്ടുണ്ട്. കീവിലെ ഇന്ത്യക്കാർ ഇന്നുതന്നെ നഗരം വിടണമെന്ന നിർദേശം നേരത്തെ ഇന്ത്യൻ എംബസി നൽകിയിരുന്നു. കീവ് നഗരം വിടാൻ യുക്രൈൻ പൗരൻമാർ ഉൾപ്പെടെയുള്ള ജനങ്ങൾ റെയിൽവേ സ്റ്റേഷനിൽ തിരക്കുകൂട്ടുകയാണെന്നും റിപ്പോർട്ടുകളുണ്ട്.
കീവിലെ നഗരാതിർത്തികളിലും ഷെല്ലാക്രമണം തുടരുകയാണ്. യുദ്ധത്തിന്റെ ആറാംദിനം ഹർകീവിലാണ് റഷ്യൻ സേന കൂടുതൽ പ്രഹരമേൽപ്പിച്ചത്. നഗരത്തിലെ സ്വാതന്ത്ര്യചത്വരത്തിലെ മിസൈലാക്രമണത്തിൽ 10 പേർ കൊല്ലപ്പെട്ടെന്നും 35 പേർക്ക് പരിക്കേറ്റെന്നും യുക്രൈൻ അറിയിച്ചു. ചൊവ്വാഴ്ച രാവിലെ റഷ്യയുടെ മിസൈൽ ആക്രമണത്തിൽ ഇന്ത്യൻ വിദ്യാർഥി കൊല്ലപ്പെട്ടതും ഹർകീവിലായിരുന്നു.
Post a Comment