ന്യൂഡൽഹി: യുക്രൈനിൽ കുടുങ്ങിയ ഇന്ത്യക്കാരെ തിരികെയെത്തിക്കാനുള്ള ശ്രമങ്ങൾ കൂടുതൽ ഊർജിതമാക്കി കേന്ദ്രസർക്കാർ. യുക്രൈനിൽനിന്ന് സമീപരാജ്യങ്ങളിലേക്കെത്തി ചേർന്ന ഇന്ത്യക്കാരെ തിരികെ കൊണ്ടുവരാൻ അടുത്ത മൂന്നുദിവസം 26 വിമാനസർവീസുകൾ നടത്തുമെന്ന് വിദേശകാര്യ സെക്രട്ടറി ഹർഷ് വർധൻ ശൃംഗ്ള മാധ്യമങ്ങളോടു പറഞ്ഞു. യുക്രൈൻ വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതലയോഗത്തിനു ശേഷം മാധ്യമങ്ങളോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
റൊമാനിയയിലെ ബുക്കാറെസ്റ്റ്, ഹംഗറിയിലെ ബുഡാപെസ്റ്റ് വിമാനത്താവളങ്ങളെ കൂടാതെ പോളണ്ടിലെയും സ്ലോവാകിലെയും വിമാനത്താവളങ്ങളും പ്രയോജനപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രസർക്കാർ ആദ്യ മുന്നറിയിപ്പ് പുറപ്പെടുവിച്ച സമയത്ത് ഇരുപതിനായിരത്തോളം ഇന്ത്യൻ വിദ്യാർഥികൾ യുക്രൈനിൽ ഉണ്ടായിരുന്നെന്നാണ് കണക്കാക്കിയിരുന്നത്. ഇതിൽ ഏകദേശം 12,000 പേർ അതായത് അറുപതു ശതമാനം പേർ മടങ്ങിയെത്തിയെന്നും ശൃംഗ്ള കൂട്ടിച്ചേർത്തു. ബാക്കിയുള്ള നാൽപ്പതു ശതമാനം പേരിൽ, പകുതിയാളുകൾ ഖർക്കീവ്, സുമി മേഖലയിലാണ്. ബാക്കിയുള്ള പകുതിപ്പേർ യുക്രൈന്റെ പടിഞ്ഞാറൻ അതിർത്തിയിലെത്തിച്ചേരുകയോ അല്ലെങ്കിൽ അവിടേക്കുള്ള യാത്രയിലോ ആണ്. പൊതുവിൽ അവർ സംഘർഷമേഖലയ്ക്കു പുറത്താണുള്ളത്- അദ്ദേഹം പറഞ്ഞു.
ഇന്ത്യൻ എംബസി അടച്ചു
യുക്രൈൻ തലസ്ഥാനമായ കീവിൽ പ്രവർത്തിച്ചിരുന്ന ഇന്ത്യൻ എംബസി അടച്ചു. അംബാസഡറും ഉദ്യോഗസ്ഥരും റോഡു മാർഗം യുക്രൈന്റെ പടിഞ്ഞാറൻ ഭാഗത്തേക്ക് പുറപ്പെട്ടു. പടിഞ്ഞാറൻ യുക്രൈനിലെ ലിവിലേക്ക് ഇന്ത്യൻ എംബസിയുടെ പ്രവർത്തനം മാറ്റുമെന്നും ഇതിനുള്ള സ്ഥലം കണ്ടെത്തിക്കഴിഞ്ഞെന്നുമാണ് വിവരം.
Post a Comment