കാസർഗോഡ്: കണ്ണൂർ സർവകലാശാല യൂണിയൻ കലോത്സവം മാർച്ച് 23 മുതൽ 27 വരെ കാസർഗോഡ് ഗവ. കോളജിൽ നടക്കും. അഞ്ചു ദിവസങ്ങളിലായി 120 ഓളം ഇനങ്ങളിലാണ് മത്സരങ്ങൾ നടക്കുക. ഇതാദ്യമായാണ് കണ്ണൂർ സർവകലാശാല കലോത്സവത്തിന് കാസർഗോഡ് ഗവ. കോളജ് വേദിയാകുന്നത്.
കലോത്സവ നടത്തിപ്പുമായി ബന്ധപ്പെട്ട സംഘാടകസമിതി രൂപീകരണ യോഗം രാജ്മോഹൻ ഉണ്ണിത്താൻ എംപി ഉദ്ഘാടനം ചെയ്തു. എൻ.എ. നെല്ലിക്കുന്ന് എംഎൽഎയാണ് സ്വാഗതസംഘം ചെയർമാൻ.
യോഗ ത്തിൽ സർവകലാശാല യൂണിയൻ ചെയർമാൻ എം.കെ. ഹസൻ അധ്യക്ഷത വഹിച്ചു. മുൻ സെനറ്റ് അംഗം ആൽബിൽ മാത്യുവാണ് സ്വാഗതസംഘം കൺവീനർ. കാസർഗോഡ് നഗരസഭ ചെയർമാൻ വി.എം. മുനീറാണ് വൈസ് ചെയർമാൻ. 501 അംഗ സംഘാടകസമിതിയും 101 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയും രൂപീകരിച്ചു. സി.എച്ച്. കുഞ്ഞമ്പു എംഎൽഎ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.എ. സൈമ, നഗരസഭ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അബ്ബാസ് ബീഗം, ഇൻസ്പെക്ടർ പി. അജിത് കുമാർ, സിൻഡിക്കറ്റ് അംഗങ്ങളായ ഡോ. എ. അശോകൻ, പ്രമോദ് വെള്ളച്ചാൽ, ഡോ. രാഖി രാഘവൻ, സ്റ്റുഡന്റ്സ് സർവീസ് ഡയറക്ടർ ഡോ. നഫീസ ബേബി, പ്രിൻസിപ്പൽ ഡോ. ഹരി കുറുപ്പ് എന്നിവർ പ്രസംഗിച്ചു. വിദ്യാർഥി യൂണിയൻ ജനറൽ സെക്രട്ടറി കെ.വി. ശില്പ സ്വാഗതവും കാസർഗോഡ് ജില്ലാ എക്സിക്യൂട്ടീവ് അംഗം ബി.കെ. ഷൈജിന നന്ദിയും പറഞ്ഞു.
Post a Comment