ആലക്കോട് ടൗണിലെ ബസ് കാത്തിരിപ്പ് കേന്ദ്രം സാമൂഹ്യവിരുദ്ധരും ലഹരി സംഘങ്ങളും കയ്യടക്കുന്നു



ആലക്കോട്: ആലക്കോട് ടൗൺ ഹൃദയത്തിലെ പഞ്ചായത്ത് ബസ് കാത്തിരിപ്പ് കേന്ദ്രം സാമൂഹ്യവിരുദ്ധരും ലഹരിസംഘങ്ങളും കയ്യടക്കുന്നു. ടൗണിൽ മരത്തിന് സമീപത്തെ ബസ് കാത്തിരിപ്പ് കേന്ദ്രമാണ് ലഹരി സംഘങ്ങളുടെ വിളയാട്ട കേന്ദ്രമായി മാറിയിരിക്കുന്നത്. ടൗണിലെ തളിപ്പറമ്പ് ഭാഗത്തേക്കുള്ള ബസ് സ്റ്റോപ്പിൽ നിന്ന് അമ്പത് മീറ്ററോളം മാറിയാണ് ബസ് ഷെൽട്ടർ സ്ഥിതി ചെയ്യുന്നത്. അതിനാൽ യാത്രക്കാർക്ക് ഷെൽട്ടർ കൊണ്ട് ഉപകാരമില്ല. ഇത് മുതലെടുത്താണ് ലഹരി സംഘങ്ങളും മറ്റും ഷെൽട്ടർ കയ്യടക്കുന്നത്.

വൈകുന്നേരങ്ങളിലാണ് ഇവരുടെ ശല്യം അതിരുകടക്കുന്നത്. മദ്യലഹരിയിലെ സംഘട്ടനങ്ങളും ചേരിതിരിഞ്ഞുള്ള ബഹളങ്ങളും ഇവിടെ നിത്യസംഭവമായിരിക്കുകയാണ്. കഴിഞ്ഞ ദിവസം മദ്യപസംഘങ്ങൾ ഏറ്റുമുട്ടിയതിനെത്തുടർന്ന് പോലീസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇതിന് പിന്നാലെ ഇന്നലെ രാത്രിയിലും ഷെൽട്ടറിൽ കൂട്ടത്തല്ലും ബഹളവും നടന്നു.

ഷെൽട്ടറിൽ തമ്പടിച്ചിരുന്ന സ്ത്രീകളും പുരുഷന്മാരും ഉൾപ്പെടെയുള്ള കുടുംബാംഗങ്ങൾ തമ്മിലാണ് ഏറ്റുമുട്ടിയത്. സ്ത്രീകൾക്ക് നേരെ നടന്ന അക്രമം നാട്ടുകാർ ഇടപെട്ടാണ് തടഞ്ഞത്. പഞ്ചായത്ത് ചിലവിൽ ടൈൽസും മറ്റും ഇട്ട് നവീകരിച്ച ബസ് കാത്തിരിപ്പ് കേന്ദ്രമാണ് വൈകുന്നേരമാകുന്നതോടെ ലഹരിസംഘങ്ങൾ കയ്യടക്കുന്നത്.


ഇതുവഴി ആർക്കും നടക്കാൻ കഴിയാത്ത വിധത്തിലുള്ള സംഘത്തിന്റെ വിളയാട്ടം നാട്ടുകാർക്ക് തലവേദനയായിരിക്കുകയാണ്. ലഹരി വിൽപ്പന സംഘങ്ങളും ഇവിടെ തമ്പടിക്കുന്നുണ്ട്. ലഹരി വിളയാട്ടം തടയുന്നതിനും യാത്രക്കാർക്കും പൊതുജനങ്ങൾക്കും ഉപകാരപ്രദമാകുന്നവിധത്തിൽ ബസ് കാത്തിരിപ്പ് കേന്ദ്രം നവീകരിക്കണം എന്നാണ് നാട്ടുകാരുടെ ആവശ്യം.

(ഈ വാർത്തയ്‌ക്കൊപ്പം നൽകിയിരിക്കുന്ന ചിത്രം പ്രതീകാത്മകമാണ്. ആലക്കോട് ബസ് സ്റ്റാൻഡിലെ നിലവിലെ അവസ്ഥയെ സൂചിപ്പിക്കാൻ വേണ്ടി തയ്യാറാക്കിയ ചിത്രമാണിത്.")

Post a Comment

Previous Post Next Post