വയനാട് കള്ളാടി മണ്ണിടിച്ചില്‍ : കാണാതായ അവസാനത്തെയാളുടെ മൃതദേഹവും കണ്ടെത്തി


വയനാട്:  കള്ളാടി തുരങ്കപാത നിർമ്മാണ മേഖലയിലുണ്ടായ മണ്ണിടിച്ചില്‍ ദുരന്തത്തില്‍ കാണാതായ അവസാനത്തെ വ്യക്തിയുടെയും മൃതദേഹം കണ്ടെത്തി.
ഹിമാചല്‍ പ്രദേശ് സ്വദേശിയായ വിക്രം റാണയുടെ മൃതദേഹമാണ് കണ്ടെടുത്തത്.
ദുരന്തസ്ഥലമായ മീനാക്ഷി പാലത്തിന് ഏകദേശം 150 മീറ്റർ താഴെ പുഴയോട് ചേർന്നുള്ള ഏലത്തോട്ടത്തിലെ കുളത്തില്‍ നിന്നാണ് ഫയർഫോഴ്‌സ് മൃതദേഹം കണ്ടെത്തിയത്. വയനാട് കള്ളാടിയില്‍ ജൂലായ് 8നാണ് നാടിനെ നടുക്കിയ ദുരന്തമുണ്ടായത്. രാവിലെ പതിനൊന്നരയോടെയാണ് കള്ളാടിയില്‍ തുരങ്കപാത നിർമ്മാണ മേഖലയോട് ചേർന്ന് മീനാക്ഷി പാലത്തിന് സമീപം മണ്ണിടിച്ചിലുണ്ടായത്

നിർമ്മാണ ജോലികളില്‍ ഏർപ്പെട്ടിരുന്നവരും സുരക്ഷാ ജീവനക്കാരും മേല്‍നോട്ട ചുമതലയുള്ളവരുമടങ്ങുന്ന അതിഥി തൊഴിലാളികളാണ് അപകടത്തില്‍പ്പെട്ടത്. മേപ്പാടിയില്‍ നിന്ന് ചൂരല്‍മലയിലേക്കുള്ള പ്രധാന പാതയിലാണ് ഈ ദുരന്തം സംഭവിച്ചത്. അപകടത്തെത്തുടർന്ന് പ്രദേശത്ത് താമസിച്ചിരുന്നവരെ മുൻകരുതല്‍ നടപടിയായി ചുളിക്ക സർക്കാർ എല്‍പി സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റിപ്പാർപ്പിച്ചിരുന്നു.
ദിവസങ്ങളോളം നീണ്ടുനിന്ന തീവ്രമായ തെരച്ചിലിനൊടുവിലാണ് കാണാതായ മുഴുവൻ ആളുകളുടെയും മൃതദേഹം കണ്ടെത്താനായത്. ഇതോടെ മേഖലയിലെ തെരച്ചില്‍ ദൗത്യം ഔദ്യോഗികമായി അവസാനിപ്പിച്ചു..

Post a Comment

Previous Post Next Post