'ഗൂഗിളില്‍ എന്റെ പേര് സെര്‍ച്ച്‌ ചെയ്യൂ'; ആരാധകര്‍ക്ക് സര്‍പ്രൈസുമായി എര്‍ലിങ് ഹാലണ്ട്, ഡിജിറ്റല്‍ ലോകത്തും നോര്‍വേ തരംഗം

നോർവേയുടെ അവിശ്വസനീയമായ ഫിഫ ലോകകപ്പ് മുന്നേറ്റം ഇപ്പോള്‍ ഫുട്ബോള്‍ മൈതാനങ്ങള്‍ക്കും അപ്പുറം ഡിജിറ്റല്‍ ലോകത്തേക്കും പടർന്നിരിക്കുകയാണ്.


ലോകമെമ്പാടും തരംഗമായ 'വൈക്കിങ് റോ' വിജയാഘോഷത്തിനൊപ്പം ഗൂഗിളും പങ്കുചേർന്നപ്പോള്‍, തന്‍റെ പേര് ഓണ്‍ലൈനില്‍ തിരയാൻ ആവശ്യപ്പെട്ടുകൊണ്ട് സൂപ്പർ താരം എർലിങ് ഹാലണ്ട് പങ്കുവെച്ച സോഷ്യല്‍ മീഡിയ കുറിപ്പ് ശ്രദ്ധേയമാകുന്നു.
ഇംഗ്ലണ്ടിനെതിരായ നോർവേയുടെ ചരിത്രപ്രസിദ്ധമായ ക്വാർട്ടർ ഫൈനല്‍ മത്സരത്തിന് മുന്നോടിയായാണ് ഹാലണ്ട് എക്സില്‍ (ട്വിറ്റർ) ഈ കൗതുകകരമായ സന്ദേശം പങ്കുവെച്ചത്.
"ഇന്ന് ഒരു കാര്യം ചെയ്യാനുണ്ട്... ഗൂഗിളില്‍ എന്റെ പേര് തിരയുക," ഹാലണ്ട് കുറിച്ചു. ഈ നിർദ്ദേശം പിന്തുടർന്ന് തിരച്ചില്‍ നടത്തിയ ആരാധകരെ കാത്തിരുന്നത് ഒരു ഗൂഗിള്‍ ആനിമേഷൻ സർപ്രൈസ് ആയിരുന്നു. ഗൂഗിളില്‍ ഹാലണ്ടിന്‍റെ പേര് തിരയുമ്പോള്‍ ഒരു 'പാർട്ടി പോപ്പർ' ഐക്കണ്‍ പ്രത്യക്ഷപ്പെടും.
അതില്‍ ക്ലിക്ക് ചെയ്യുമ്പോള്‍, കൊമ്പുള്ള ഹെല്‍മറ്റുകളും നോർവീജിയൻ പതാകകളും ധരിച്ച വൈക്കിങ് കഥാപാത്രങ്ങള്‍ ഒരേ താളത്തില്‍ വഞ്ചി തുഴയുന്ന ആനിമേഷൻ സ്ക്രീനില്‍ തെളിയും. ഇതോടൊപ്പം ചെണ്ടക്കൊട്ടിന്‍റെ ശബ്ദവും "റോ!" എന്ന് ആർത്തുവിളിക്കുന്ന ജനക്കൂട്ടത്തിന്‍റെ ശബ്ദവും കേള്‍ക്കാം.
വിജയങ്ങള്‍ക്ക് ശേഷം പതിനായിരക്കണക്കിന് ആരാധകർ ഒത്തുചേർന്ന് ഒരു വൈക്കിങ് വഞ്ചി തുഴയുന്നതുപോലെ അഭിനയിക്കുന്നതാണ് 'വൈക്കിങ് റോ' ആഘോഷം. മത്സരങ്ങള്‍ക്ക് ശേഷം ഹാലണ്ടും ക്യാപ്റ്റൻ മാർട്ടിൻ ഒഡെഗാർഡും ഉള്‍പ്പെടെയുള്ള നോർവീജിയൻ ടീം അംഗങ്ങളും ആരാധകർക്കൊപ്പം ഈ ആഘോഷത്തില്‍ പങ്കുചേരാറുണ്ട്. ഈ ലോകകപ്പിലെ ഏറ്റവും ജനപ്രിയമായ പാരമ്പര്യങ്ങളിലൊന്നായി മാറിയതിനെത്തുടർന്നാണ് ഗൂഗിള്‍ ഇതിന് ആദരമർപ്പിച്ചത്.

Post a Comment

Previous Post Next Post