തെലങ്കാനയിലെ രംഗറെഡ്ഡി ജില്ലയില്‍ പോക്‌സോ കേസ് പ്രതി നടത്തിയ കൂട്ടക്കൊലപാതകത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്.
ജാമ്യത്തിലിറങ്ങിയ 35കാരൻ തീർത്തത് ആറ് പേരുടെ ജീവൻ. താൻ പ്രതിയായ പീഡനക്കേസിലെ ഇരയെയും കുടുംബത്തെയും കൂടാതെ സ്വന്തം ഭാര്യയെയും രണ്ട് കുഞ്ഞുങ്ങളെയും ഇയാള്‍ അതിക്രൂരമായി കൊലപ്പെടുത്തി.
വെള്ളിയാഴ്ച രാത്രി രംഗറെഡ്ഡി ജില്ലയിലാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. ഇരയേയും കുടുംബത്തെയും കൊലപ്പെടുത്തിയശേഷം സ്വന്തം വീട്ടിലെത്തി ഭാര്യയേയും മക്കളെയും കൊഴുത്തു ഞെരുക്കി പ്രതി കൊല്ലുകയായിരുന്നു.
ഷാബാദ് ടൗണിലെ പെണ്‍കുട്ടിയുടെ വീട്ടിലെത്തിയ പ്രതി, പെണ്‍കുട്ടിയുടെ അമ്മയെയും മുത്തശ്ശിയെയും കുത്തിക്കൊലപ്പെടുത്തിയ ശേഷം 16-കാരിയായ പെണ്‍കുട്ടിയെ ബലമായി കാറില്‍ കയറ്റിക്കൊണ്ടുപോയി തടാകക്കരയില്‍ വെച്ച് കൊലപ്പെടുത്തുകയായിരുന്നു. അതേസമയം, വീട്ടിലുണ്ടായിരുന്ന മാനസിക വെല്ലുവിളി നേരിടുന്ന സഹോദരിയെ ഇയാള്‍ ഉപദ്രവിക്കാൻ മുതിർന്നില്ല.
ആദ്യ കൃത്യത്തിന് ശേഷം വേഗത്തില്‍ സ്വന്തം വീട്ടിലെത്തിയ പ്രതി, വെറും ആറ് മിനിറ്റിനുള്ളില്‍ തന്റെ ഭാര്യയെയും നാല് വയസ്സും 18 മാസവും പ്രായമുള്ള രണ്ട് ആണ്‍മക്കളെയും കഴുത്തറുത്ത് കൊലപ്പെടുത്തി.കൃത്യത്തിന് ശേഷം പിതാവിനെ ഫോണില്‍ വിളിച്ച് വിവരങ്ങള്‍ അറിയിച്ച പ്രതി കാറില്‍ രക്ഷപ്പെടുകയായിരുന്നു. പിതാവ് നല്‍കിയ വിവരമനുസരിച്ച് സ്ഥലത്തെത്തിയ പോലീസ് മൃതദേഹങ്ങള്‍ പോസ്റ്റ്‌മോർട്ടത്തിനായി മാറ്റി.
കഴിഞ്ഞ മെയ് മാസത്തില്‍ പെണ്‍കുട്ടിയെ ശല്യം ചെയ്തതിന് രജിസ്റ്റർ ചെയ്ത കേസില്‍ ജൂണില്‍ കോടതിയില്‍ നിന്ന് മുൻകൂർ ജാമ്യം നേടിയാണ് പ്രതി പുറത്തിറങ്ങിയത്. പുറത്തിറങ്ങിയ ഉടനെയാണ് ഇയാള്‍ ഇത്രയും വലിയൊരു കൊലപാതക പരമ്പര നടത്തിയത്. പ്രതിയുടെ ക്രൂരതയ്ക്ക് പിന്നിലെ കാരണം ഇനിയും വ്യക്തമല്ലെന്നും അന്വേഷണം ഊർജിതമാക്കിയതായും ഹൈദരാബാദ് സിറ്റി കമ്മീഷണർ തരുണ്‍ ജോഷി അറിയിച്ചു.
Post a Comment