മേപ്പാടി: മണ്ണിനൊപ്പം ഒരു നിയന്ത്രണവുമില്ലാതെ അതിവേഗം തങ്ങള്‍ക്ക് നേരെ ഒഴുകിയെത്തുന്ന ലോറി...ജീവിതത്തിലേക്ക് ഓടിക്കയറാൻ ആവുമോ എന്ന ആശങ്കയോടെ അവർ തിരിഞ്ഞോടി...ഓടുന്ന സമയത്ത് അവരുടെ മനസ്സില്‍ തങ്ങളുടെ പിഞ്ചു കുഞ്ഞുങ്ങളുടെ മുഖം മാത്രമേ ഉണ്ടായിരുന്നുള്ളൂ.
വയനാട്ടിലെ മണ്ണിടിച്ചില്‍ ദുരന്തത്തില്‍ മരണത്തെ മുഖാമുഖം കണ്ട കൂടമ്മാളിനെ ഭർത്താവ് പോള്‍ ജീവിതത്തിലേക്ക് കൈപിടിച്ചു കയറ്റിയത് ഒരു ദുരന്തത്തിലെ ആശ്വാസക്കാഴ്ചയായി മാറുകയായിരുന്നു.
ദുരന്തത്തില്‍ നിന്ന് അത്ഭുതകരമായാണ് കൂടമ്മാള്‍ രക്ഷപെട്ടത്. മേപ്പാടിയിലേക്ക് പോകാൻ എത്തിയതായിരുന്നു ഇവർ. പാലത്തിനു താഴെയെത്തിയപ്പോഴും വെള്ളവും മണ്ണും കുത്തിയൊലിച്ചുവരുന്നത് കണ്ട് ബസ്റ്റോപ്പില്‍ നിന്നവർ ബഹളം വച്ച് താഴേക്ക് ഓടിയെത്തിയത് ഇവർക്ക് രക്ഷയായി. ബഹളം കേട്ട് നോക്കിയപ്പോഴാണ് അപകടം ഒരു ലോറിയുടെ രൂപത്തില്‍ അതിവേഗം ഇവർക്ക് അടുത്തേക്ക് നിരങ്ങിയെത്തുന്നത് കണ്ടത്. ജീവൻ കൈയിലെടുത്ത് ഇവർ ഓടിയെങ്കിലും അല്‍പ്പദൂരം പിന്നിട്ടപ്പോള്‍ കൂടമ്മാള്‍ വീണുപോയി. എന്നാല്‍, പോള്‍ അടുത്തുവരുന്ന അപകടത്തെ അവഗണിച്ച് പ്രിയതമയെ കൈപിടിച്ച് ഉയർത്തുന്ന കാഴ്ച കരളലിയിക്കുന്നതായിരുന്നു.
നിരങ്ങിവന്ന ലോറി കൂടമ്മാളിനടുത്തുവരെ എത്തിയിരുന്നു. അവിടെയുണ്ടായിരുന്ന ഒരു ജീപ്പില്‍ തട്ടി ലോറിയുടെ വേഗത കുറഞ്ഞതും രക്ഷയായി. എന്തായാലും ഈ സമയം പോള്‍ ഭാര്യയെ എഴുന്നേല്‍പ്പിക്കുന്നതില്‍ മാത്രം ശ്രദ്ധിച്ച് നില്‍ക്കുന്നത് സ്നേഹത്തിന്റെ നേർക്കാഴ്ചയായി! മീനാക്ഷിപുരം ഏലം എസ്റ്റേറ്റിലെ തൊഴിലാളികളാണ് തമിഴ്നാട് സ്വദേശികളായ കൂടമ്മാളും ഭർത്താവ് പോളും. ഇവർ അവധിയായതിനാല്‍ ബാങ്കില്‍ പോകുന്നതിന് ഇതുവഴി വന്നതായിരുന്നു. അപകടസമയത്ത് കുട്ടികളുടെ മുഖം മാത്രമായിരുന്നു ചിന്തിച്ചിരുന്നത് എന്ന് ദമ്പതികള്‍ പറഞ്ഞു.
Post a Comment