കോഴിക്കോട്: കനത്ത മഴയെത്തുടർന്ന് വയനാട് തുരങ്ക പാതയിലുണ്ടായ മണ്ണിടിച്ചിലിന് പിന്നാലെ രണ്ട് ജില്ലകളില്‍ റെഡ് അലർട്ട്.വയനാട്, കോഴിക്കോട് ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചു.
കനത്ത മഴയ്ക്കിടെ വയനാട് കള്ളാടിയില്‍ തുരങ്കപാതയുടെ പദ്ധതി പ്രദേശത്തിനു സമീപത്താണ് മണ്ണിടിച്ചിലുണ്ടായത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഈ പ്രദേശത്ത് 265 മില്ലിമീറ്റർ മഴ പെയ്തതായാണ് റിപ്പോർട്ട്.
സംസ്ഥാനത്ത് ഇന്ന് വടക്കൻ ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിരുന്നു. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് മഴ മുന്നറിയിപ്പ്. കനത്ത മഴയെത്തുടർന്ന് മലപ്പുറം, കണ്ണൂർ, കാസർകോട് ജില്ലകളില്‍ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
വയനാട് മണ്ണിടിച്ചിലുണ്ടായ സ്ഥലത്ത് വീണ്ടും കനത്ത മഴ തുടരുകയാണ്. പ്രദേശത്ത് നിന്നും ആളുകളെ മാറ്റിത്തുടങ്ങി. പാലത്തിനടുത്തുള്ള കുന്ന് ഇടിഞ്ഞ് നിർമാണ സ്ഥലത്തേയ്ക്ക് വീഴുകയായിരുന്നു. മണ്ണ് പാലത്തിലേക്ക് വീണതോടെ പാലവും അപകടാവസ്ഥയിലാണ്. അപകടത്തില്‍ ഒരാള്‍ മരിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്.
അഞ്ചു പേരെ മണ്ണില്‍ നിന്ന് പുറത്തെടുത്ത് ആശുപത്രിയിലേക്ക് മാറ്റി. സ്ഥലത്ത് നിരവധിപേർ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് സംശയം. തൊഴിലാളികളുമായി എത്തിയ വാഹനങ്ങള്‍ അടക്കം മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുന്നുണ്ട്. സ്ഥലത്ത് എത്ര പേർ മണ്ണിനടിയില്‍പ്പെട്ടുവെന്ന് അറിയില്ലെന്ന് നാട്ടുകാര്‍ പറയുന്നു. രക്ഷാപ്രവർത്തനങ്ങള്‍ തുടരുകയാണ്.
Post a Comment