ആലക്കോട്: കഴിഞ്ഞ മുപ്പത് വർഷമായി ആലക്കോട് കേന്ദ്രീകരിച്ച് പ്രവർത്തിച്ചുവരുന്ന സബ് ട്രഷറി ഇവിടെനിന്നും മറ്റൊരു സ്ഥലത്തേക്ക് മാറ്റാൻ നീക്കം നടക്കുന്നതായി വ്യാപക ആക്ഷേപം. ആലക്കോട് പഞ്ചായത്ത് ബസ് സ്റ്റാൻഡിൽ സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിൻ്റെ രണ്ടാം നിലയിലാണ് നിലവിൽ സബ് ട്രഷറി വാടകയ്ക്ക് പ്രവർത്തിക്കുന്നത്.
1997-ൽ ഏകാംഗ ട്രഷറിയായി പ്രവർത്തനം ആരംഭിച്ച ഈ സ്ഥാപനം 2001 ലാണ് സബ് ട്രഷറിയായി ഉയർത്തിയത്. പെൻഷൻകാർ ഉൾപ്പെടെ നിരവധി സാധാരണക്കാരാണ് വിവിധ ആവശ്യങ്ങൾക്കായി ദിനംപ്രതി ഈ ഓഫീസിനെ ആശ്രയിക്കുന്നത്.
സ്ഥലം അനുവദിച്ചിട്ടും തുടർനടപടികളില്ല
ട്രഷറിക്ക് സ്വന്തമായി കെട്ടിടം നിർമ്മിക്കുന്നതിനായി കഴിഞ്ഞ സർക്കാരിൻ്റെ കാലത്ത് ഒരു കോടി മുപ്പത് ലക്ഷം രൂപ അനുവദിച്ചിരുന്നു. ഇതിനായി ആലക്കോട് പഞ്ചായത്ത് ഭരണസമിതി അരങ്ങത്ത് പത്ത് സെൻ്റ് സ്ഥലം വിട്ടുനൽകുകയും ചെയ്തു. എന്നാൽ വർഷങ്ങൾ കഴിഞ്ഞിട്ടും കെട്ടിട നിർമ്മാണത്തിനുള്ള യാതൊരുവിധ തുടർനടപടികളും ഉണ്ടായിട്ടില്ല. ഇതിനിടെ ഈ സ്ഥലത്തെച്ചൊല്ലി ചില തർക്കങ്ങളും വിവാദങ്ങളും ഉടലെടുത്തിരുന്നു.
പ്രതിഷേധം ശക്തം: സ്വന്തം കെട്ടിടത്തിനായുള്ള നടപടികൾ ഇഴഞ്ഞുനീങ്ങുന്നതിനിടയിലാണ് സബ് ട്രഷറി ആലക്കോട് നിന്നും മറ്റൊരു പഞ്ചായത്തിലേക്ക് മാറ്റാനുള്ള അണിയറ നീക്കങ്ങൾ സജീവമായത്. ആലക്കോട്ടെ പ്രധാനപ്പെട്ട ഒരു സർക്കാർ സ്ഥാപനം നഷ്ടപ്പെടുത്താനുള്ള നീക്കത്തിനെതിരെ പ്രദേശവാസികളിൽ നിന്നും ഗുണഭോക്താക്കളിൽ നിന്നും കടുത്ത പ്രതിഷേധമാണ് ഉയരുന്നത്.
ഉടൻതന്നെ വിവാദങ്ങൾ പരിഹരിച്ച്, അനുവദിച്ച സ്ഥലത്ത് പുതിയ കെട്ടിടം നിർമ്മിച്ച് ട്രഷറി ആലക്കോട് തന്നെ നിലനിർത്താൻ അധികൃതർ അടിയന്തര നടപടികൾ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെയും വിവിധ സംഘടനകളുടെയും ആവശ്യം.
Post a Comment