കൊച്ചി: എറണാകുളം ലോക്സഭാ എംപിയായ ഹൈബി ഈഡന്റെ വസതിയില്‍ അതിക്രമിച്ച് കയറി നാശനഷ്ടങ്ങളുണ്ടാക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്ത സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍.
തൃപ്പൂണിത്തുറ സ്വദേശിയായ അലക്സ് ചാക്കോ (43)യെയാണ് പാലാരിവട്ടം പൊലീസ് അറസ്റ്റ് ചെയ്തത്. കലൂർ ജോർജ് ഈഡൻ റോഡിലുള്ള എംപിയുടെ വീട്ടില്‍ ഇന്നലെ പുലർച്ചെ രണ്ടരയോടെയാണ് ഇയാള്‍ അതിക്രമിച്ച് കയറിയത്. വീടിന്റെ മുൻവശത്തുണ്ടായിരുന്ന മുപ്പതോളം സെറാമിക് ചെടിച്ചട്ടികള്‍ പ്രതി അടിച്ചുതകർത്തു. സംഭവത്തിന് മുമ്പ് ഹൈബി ഈഡന്റെയും ഭാര്യ അന്ന ലിൻഡയുടെയും വാട്സാപ്പിലേക്ക് ഭീഷണി സന്ദേശങ്ങള്‍ അയച്ചതായും ഫോണില്‍ വിളിച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും പൊലീസ് പറഞ്ഞു.
പുലർച്ചെ മൂന്ന് മണിയോടെ വീടിന് പുറത്തുനിന്ന് പൊട്ടിത്തെറിക്കുന്ന ശബ്ദം കേട്ട് ഉണർന്ന എംപിയും ഭാര്യയും ജനലിലൂടെ പുറത്തേക്ക് നോക്കിയപ്പോള്‍ ഒരു കാർ വേഗത്തില്‍ റിവേഴ്സ് എടുത്ത് പോകുന്നതാണ് കണ്ടത്. രാവിലെ പുറത്തിറങ്ങിയപ്പോഴാണ് ചെടിച്ചട്ടികള്‍ തകർത്ത നിലയില്‍ കണ്ടെത്തിയത്.
അക്രമത്തിന് പിന്നാലെ, താൻ എംപിയുടെ വീട്ടില്‍ നാശനഷ്ടം വരുത്തിയെന്നും കാർ കത്തിക്കാനാണ് അടുത്ത നീക്കമെന്നും പറഞ്ഞ് പ്രതി പൊലീസ് കണ്‍ട്രോള്‍ റൂമിലേക്ക് വിളിച്ചു. തുടർന്ന്, തകർന്നുകിടക്കുന്ന ചെടിച്ചട്ടികള്‍ക്കിടയില്‍ നിന്ന് സിസിടിവിയിലേക്ക് നോക്കി എടുത്ത സെല്‍ഫി വീഡിയോയും കണ്‍ട്രോള്‍ റൂമിലേക്കുള്ള ഫോണ്‍വിളിയുടെ റെക്കോർഡും ഹൈബി ഈഡനും ഭാര്യയ്ക്കും വാട്സാപ്പിലൂടെ അയച്ചുനല്‍കുകയും ചെയ്തു.
സംഭവം പാലാരിവട്ടം പൊലീസ് സ്റ്റേഷൻ പരിധിയിലായതിനാല്‍ നോർത്ത് പൊലീസ് ആദ്യം സീറോ എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് കേസ് പാലാരിവട്ടം പൊലീസിന് കൈമാറി. തുടർന്ന് പ്രതിയെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി.
ഹൈബി ഈഡന്റെ പ്രീഡിഗ്രി കാലത്തെ സഹപാഠിയാണ് അറസ്റ്റിലായ അലക്സ് ചാക്കോ. ബാങ്കിന്റെ ജപ്തി നടപടികളില്‍ എംപി ഇടപെട്ട് സഹായിക്കണമെന്ന ആവശ്യം ഇയാള്‍ മുന്നോട്ടുവെച്ചിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. ബാങ്കിന്റെ നിയമനടപടികളില്‍ ഇടപെടുന്നതിന് പരിമിതികളുണ്ടെന്ന് എംപി വ്യക്തമാക്കിയതിലുള്ള വിരോധമാണ് ആക്രമണത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. അസമയങ്ങളില്‍ നിരന്തരം വിളിച്ച് വർഗീയ പരാമർശങ്ങള്‍ ഉള്‍പ്പെടെയുള്ള സംഭാഷണങ്ങളിലൂടെ പ്രതി ശല്യം ചെയ്തിരുന്നുവെന്നും ഹൈബി ഈഡൻ പ്രതികരിച്ചു.
Post a Comment