'ഗ്രാസിയാസ് യാദില്‍!'; മലയാളി ആരാധകന്റെ പിറന്നാള്‍ ആശംസയ്ക്ക് സ്പാനിഷ് ഭാഷയില്‍ നന്ദി പറഞ്ഞ് മെസ്സി


കൊടുങ്ങല്ലൂർ: തന്റെ പ്രിയതാരത്തിന് ജന്മദിനാശംസകള്‍ നേർന്ന മലയാളി ആരാധകനെ തേടി ഫുട്ബോള്‍ ഇതിഹാസം ലയണല്‍ മെസ്സിയുടെ സ്നേഹസന്ദേശം.

കൊടുങ്ങല്ലൂർ സ്വദേശിയായ യാദില്‍ എം. ഇഖ്ബാലിന്റെ ഇൻസ്റ്റഗ്രാം വീഡിയോയ്ക്ക് താഴെ മെസ്സി നേരിട്ട് നന്ദി അറിയിച്ചതാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.
'Gracias Yadil!' (നന്ദി യാദില്‍) എന്ന് സ്പാനിഷ് ഭാഷയില്‍ മെസ്സി കമന്റ് ചെയ്തതോടെ യാദിലിന്റെ പോസ്റ്റ് തരംഗമായി മാറി. ആറരലക്ഷത്തിലധികം പേരാണ് ഈ കമന്റ് ഇതിനോടകം ലൈക്ക് ചെയ്തിരിക്കുന്നത്.
അർജന്റീനയുടെ ജഴ്‌സിയണിഞ്ഞ് മലയാളത്തില്‍ പിറന്നാള്‍ ആശംസകള്‍ അറിയിക്കുന്ന വീഡിയോയാണ് യാദില്‍ പങ്കുവെച്ചത്. താൻ മെസ്സിയുടെ വലിയ ആരാധകനാണെന്നും, കൊടുങ്ങല്ലൂരില്‍ വരച്ച മെസ്സിയുടെ കൂറ്റൻ മ്യൂറല്‍ ചിത്രവും താരം ലോകകപ്പ് നേടിയ ശേഷം നിർമിച്ച പ്രതിമയും ഉള്‍പ്പെടുത്തിയാണ് യാദില്‍ വീഡിയോ തയ്യാറാക്കിയത്. തന്റെ ആഡംബരക്കാറായ ഡിഫൻഡറില്‍ മെസ്സിയുടെ ചിത്രം പതിപ്പിച്ചിട്ടുണ്ടെന്നും യാദില്‍ വീഡിയോയില്‍ വ്യക്തമാക്കിയിരുന്നു.
'എന്റെ പരിശ്രമങ്ങള്‍ ഒരിക്കല്‍ ലിയോ കാണുമെന്നും എന്നെ തിരിച്ചറിയുമെന്നും പ്രതീക്ഷിക്കുന്നു' എന്ന് യാദില്‍ പറഞ്ഞിരുന്നെങ്കിലും, അത് ഇത്ര വേഗത്തില്‍ യാഥാർത്ഥ്യമാകുമെന്ന് ഈ ആരാധകൻ കരുതിയിരുന്നില്ല.

Post a Comment

Previous Post Next Post