ക്രിക്കറ്റ് കോച്ചിങ്ങിനിടെ പെണ്‍കുട്ടിയെ പീഡിപ്പിച്ചു; കോച്ചിന് 35 വര്‍ഷം കഠിന തടവ്


ക്രിക്കറ്റ് കോച്ചിങ്ങിനിടെ പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ കോച്ചിന് 35 വര്‍ഷം കഠിന തടവും 66,000 രൂപ പിഴയും വിധിച്ച്‌ കോടതി.
തിരുവനന്തപുരം ശ്രീവരാഹം സ്വദേശി എം മനുവിനെതിരെ ആണ് തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതിയുടെ വിധി. പിഴ അടച്ചില്ലെങ്കില്‍ ആറുവര്‍ഷവും ഒന്‍പത് മാസവും അധികമായി ശിക്ഷ അനുഭവിക്കണം. പ്രതിയുടെ പേരിലുളള ആറ് കേസുകളില്‍ രണ്ടാമത്തേതിലാണ് ജഡ്ജി അഞ്ജു മീര ബിര്‍ളയുടെ വിധി.
മൂന്നാമത്തെ കേസിലും പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. ആദ്യ കേസിലെ ശിക്ഷാ കാലാവധിക്ക് ശേഷമേ ഈ കേസിലെ ശിക്ഷ ആരംഭിക്കൂ. ക്രിമിനല്‍ നടപടി ചട്ടം സെക്ഷന്‍ 427 പ്രകാരം, പ്രതിയുടെ ഓരോ കേസുകളിലെയും ശിക്ഷാ കാലാവധി കഴിയുന്നത് അനുസരിച്ച്‌ അടുത്ത കേസിലെ ശിക്ഷ നടപ്പിലാക്കണം എന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. അത് പരിഗണിച്ചാണ് കോടതി പ്രത്യേകം ശിക്ഷാ കാലാവധി വിധിച്ചത്.
തിരുവനന്തപുരത്തെ ക്രിക്കറ്റ് പരിശീലനകേന്ദ്രത്തില്‍ 2018 ലാണ് കുട്ടി പരിശീലനത്തിനായി എത്തിയത്. ഇതിനിടെയാണ് പ്രതി ലൈംഗികമായി പീഡിപ്പിച്ചത്. കുട്ടിയുടെ നഗ്ന ഫോട്ടോയും വീഡിയോയും പ്രതി എടുത്തു. പ്രതിയുടെ ഇഷ്ടത്തിന് വഴങ്ങാതിരുന്നതോടെ പെണ്‍കുട്ടിക്ക് ശരിയായ പരിശീലനം നല്‍കാതെയായി. 2019 ല്‍ കുട്ടി പരിശീലനത്തിനായി മറ്റൊരു സ്ഥലത്തേക്ക് പോകുകയായിരുന്നു.

Post a Comment

Previous Post Next Post