ലേണേഴ്സ് പരീക്ഷയ്ക്ക് സ്കൂട്ടര്‍ ഓടിച്ചെത്തിയ യുവതിയെ പൊക്കി ജോയിന്റ് ആര്‍ ടി ഒ; 10000 രൂപ പിഴ ഈടാക്കി: വിശദാംശങ്ങള്‍ വായിക്കാം


ലോണേഴ്സ് ലൈസൻസ് പരീക്ഷയെഴുതാൻ മോട്ടോർ വാഹന വകുപ്പ് അധികാരികളുടെ മുന്നിലേക്ക് സ്കൂട്ടർ ഓടിച്ചെത്തിയ യുവതിയ്ക്ക് പണി കിട്ടി .ലൈസൻസില്ലാതെ വാഹനം ഓടിച്ചെത്തിയ യുവതിക്കും വാഹനം നല്‍കിയ ഭർത്താവിനും 5000 രൂപ വീതം ആകെ 10,000 രൂപ ആലത്തൂർ സബ് ആർടിഒ.പിഴ ചുമത്തി.
ലേണേഴ്സ് പരീക്ഷയ്ക്കായി യുവതി സ്വന്തമായി ഇരുചക്രവാഹനം ഓടിച്ചാണ് വന്നത്. ഈ സമയം മോട്ടോർ വാഹന വകുപ്പ് അധികാരികള്‍ യുവതി വാഹനം ഓടിച്ചുവരുന്നത് ശ്രദ്ധിച്ചിരുന്നെങ്കിലും പരീക്ഷയ്ക്ക് എത്തിയതാണെന്ന് തിരിച്ചറിഞ്ഞിരുന്നില്ല. പിന്നീട് ലേണേഴ്സ് പരീക്ഷാ ഹാളിലേക്ക് യുവതി എത്തിയപ്പോഴാണ് ഉദ്യോഗസ്ഥർക്ക് കാര്യം മനസ്സിലായത്. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലില്‍ ലൈസൻസില്ലാതെയാണ് താൻ വാഹനം ഓടിച്ചതെന്ന് യുവതി സമ്മതിക്കുകയായിരുന്നു.
ലൈസൻസില്ലാതെ പൊതുനിരത്തില്‍ വാഹനമോടിച്ചതിന് യുവതിക്കെതിരെയും, ലൈസൻസില്ലാത്തയാള്‍ക്ക് വാഹനം ഓടിക്കാൻ നല്‍കിയതിന് ഭർത്താവിനെതിരെയുമാണ് നടപടി. 1988-ലെ മോട്ടോർ വാഹന നിയമത്തിലെ 180, 181 വകുപ്പുകള്‍ പ്രകാരമാണ് പിഴ ചുമത്തിയതെന്ന് ആലത്തൂർ ജോയിന്റ് ആർടിഒ കെ.ആർ. രാജു വ്യക്തമാക്കി.

Post a Comment

Previous Post Next Post