മുഖ്യമന്ത്രി ചര്‍ച്ച : നാല് മുൻ കെ.പി.സി.സി പ്രസിഡന്റുമാരെ ഡല്‍ഹിക്ക് വിളിപ്പിച്ചു


ഡല്‍ഹി : കേരളത്തില്‍ മുഖ്യമന്ത്രി ആരാകുമെന്ന ചർച്ചയില്‍ പുതിയ നീക്കവുമായി കോണ്‍ഗ്രസ് ഹൈകമാൻഡ്. കെ. മുരളീധരൻ, കെ.
സുധാകരൻ, എം.എം. ഹസൻ, മുല്ലപ്പള്ളി രാമചന്ദ്രൻ എന്നീ നാല് മുൻ കെ.പി.സി.സി പ്രസിഡന്റുമാരെ ഡല്‍ഹിയിലേക്ക് വിളിപ്പിച്ചു. നാളെ ഡല്‍ഹിയില്‍ എത്താനാണ് നിർദേശം. മുഖ്യമന്ത്രി തീരുമാനം ഇവരോട് കൂടി അന്തിമമായി ചർച്ച നടത്തി പ്രഖ്യാപിക്കാനാണ് നീക്കമെന്നറിയുന്നു.
കെ.സി. വേണുഗോപാല്‍, വി.ഡി. സതീശൻ, രമേശ് ചെന്നിത്തല എന്നിവരാണ് മുഖ്യമന്ത്രിയാകാൻ വിട്ടുവീഴ്ചയില്ലാതെ മത്സരരംഗത്തുള്ളത്. തെരഞ്ഞെടുപ്പ് ഫലം വന്ന് ഒരാഴ്ച പിന്നിട്ടിട്ടും ഇക്കാര്യത്തില്‍ ഒരു സമവായത്തില്‍ നേതൃത്വം എത്തിയിട്ടില്ല. ഇന്നലെ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും ഡല്‍ഹി വിട്ടുപോവുകകൂടി ചെയ്തതോടെ വിഷയത്തില്‍ തുടർനടപടി ഉണ്ടായിരുന്നില്ല.
ഞായറാഴ്ച വിജയ് സർക്കാറിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാൻ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ചെന്നൈയിലേക്കും കോണ്‍ഗ്രസ് നേതാവിന്റെ മരണത്തെ തുടർന്ന് എ.ഐ.സി.സി പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെ കർണാടകയിലേക്കും പോയതോടെയാണിത്. ഇരുവരും തിരിച്ചുവന്ന ശേഷമേ തുടർ നടപടി ഉണ്ടാകൂ. പ്രഖ്യാപനം എന്ന് നടക്കുമെന്ന സൂചന നല്‍കാൻപോലും കോണ്‍ഗ്രസ് ഹൈകമാൻഡ് തയാറാകാത്തതിനാല്‍ അനിശ്ചിതത്വം തുടരുകയാണ്.

Post a Comment

Previous Post Next Post