കടയ്ക്കല്‍: കടയ്ക്കലില്‍ ദമ്പതികളെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. യു.എ.ഇ റാസ്‌അല്‍ ഖൈമയിലെ അല്‍ നാഖ്ല എന്ന കണ്‍സ്ട്രക്ഷൻ കമ്പനി ഉടമ കടയ്ക്കല്‍ അഞ്ചുമുക്ക് ഉഷസില്‍ സുഗതൻ (67), ഭാര്യ ലത (56) എന്നിവരാണ് മരിച്ചത്.സുഗതൻ കിടപ്പുമുറിയിലെ ഫാനില്‍ തൂങ്ങിമരിച്ച നിലയിലും ലത കട്ടിലില്‍ കമഴ്ന്നു കിടക്കുന്ന നിലയിലുമായിരുന്നു. ഇന്ന് രാവിലെ 11ന് ഇരുവരും വിദേശത്തേക്ക് മടങ്ങാനിരിക്കെയാണ് മരണം.
ലതയെ കൊലപ്പെടുത്തി സുഗതൻ ആത്മഹത്യ ചെയ്തതാകാമെന്നാണ് പൊലീസിന്റെ സംശയം. ലതയുടെ കഴുത്തില്‍ തുണികൊണ്ട് മുറുക്കിയതിന്റെ പാടുകളും മുറിവുകളും സുഗതന്റെ വയറ്റില്‍ നഖം കൊണ്ട മുറിവുമുണ്ട്. കഴുത്തില്‍ മുറുക്കിയിട്ടുണ്ടെങ്കിലും മുഖത്ത് തലയണ കൊണ്ട് അമർത്തി ശ്വാസം മുട്ടിച്ചതാണ് മരണകാരണം. ലത രാത്രി 11നും 12നും ഇടയിലും സുഗതൻ പുലർച്ചെ മൂന്ന് മണിയോടെയുമാണ് മരിച്ചതെന്നാണ് നിഗമനം.
വെള്ളിയാഴ്ച രാത്രി വീട്ടില്‍ ചെന്ന ഭാര്യാ സഹോദരനോട് സുഗതൻ കാന്താരി അച്ചാർ കൊണ്ടുവരാൻ പറഞ്ഞിരുന്നു. അതുപ്രകാരം ഭാര്യാ സഹോദരൻ ഇന്നലെ രാവിലെ കാന്താരി അച്ചാറുമായി എത്തിയെങ്കിലും വാതില്‍ അടച്ചിട്ടിരിക്കുകയായിരുന്നു. തൊട്ടുപിന്നാലെ സ്ഥലത്തെത്തിയ സുഗതന്റെ സഹോദരിയുടെ മകൻ ജനാലയിലൂടെ നോക്കിയപ്പോഴാണ് ഇരുവരെയും മരിച്ച നിലയില്‍ കണ്ടത്. തുടർന്ന് പൊലീസെത്തി വീടിന്റെയും കിടപ്പുമുറിയുടെയും വാതിലുകള്‍ പൊളിക്കുകയായിരുന്നു.
Post a Comment