ആലക്കോട്:മലയോരത്തിൻ്റെ മണ്ണിൽ നിന്ന് ഉയർന്നു വന്ന് സംസ്ഥാന മന്ത്രിയായി സ്ഥാനമേറ്റ റോജി എം. ജോണിന്റെ ചരിത്ര നിയോഗം അദേഹത്തിന്റെ ജന്മനാടായ ഉദയഗിരി താബോർ ഗ്രാമത്തെ ആഹ്ലാദനിറവിലാക്കി.
താബോറിൽ കോൺഗ്രസ് പ്രവർത്തകനായിരുന്ന മുള്ളൻമടയ്ക്കൽ ജോണിൻ്റെയും (അപ്പച്ചൻ), ഉദയഗിരി പൈങ്ങോട്ട് കുടുംബാംഗം എൽസമ്മയുടെയും മൂന്ന് മക്കളിൽ ഇളയതാണ് റോജി. താബോർ സെന്റ് ജോസഫ്സ് എൽ.പി സ്‌കൂളിലും, ഉദയഗിരി പ്രത്യാശ യു.പി സ്കൂളിലും, തിരുമേനി ഗവ. ഹൈസ്‌കൂളിലുമായിരുന്നു റോജിയുടെ പ്രാഥമിക വിദ്യാഭ്യാസം.
2005-ൽ റോജിയുടെ കുടുംബം താബോറിൽ നിന്ന് ഒടുവള്ളി അമ്മംകുളത്തേക്കും, പിന്നീട് 2010-ൽ അവിടെ നിന്ന് അങ്കമാലിയിലേക്കും താമസം മാറുകയായിരുന്നു. ഉന്നത വിദ്യാഭ്യാസ കാലത്താണ് റോജി രാഷ്ട്രീയത്തിൽ സജീവമായതും എൻ.എസ്.യു.ഐ (NSUI) ദേശീയ പ്രസിഡണ്ടായതും. പിതാവിൻ്റെ പാത പിന്തുടർന്നാണ് റോജി കോൺഗ്രസ് പ്രസ്ഥാനത്തിന്റെ ഭാഗമാകുന്നത്.
നിലവിൽ അങ്കമാലി എം.എൽ.എയായ റോജി, വർഷങ്ങൾക്ക് മുൻപ് അങ്കമാലിയിലേക്ക് താമസം മാറിയെങ്കിലും ഉദയഗിരിയിലും താബോറുമായും എപ്പോഴും അടുത്ത ബന്ധം പുലർത്താറുണ്ടായിരുന്നു. ബാല്യകാല സുഹ്യത്തുക്കൾ ഉൾപ്പെടെ ഒട്ടേറെ സൗഹ്യദങ്ങളാണ് അദ്ദേഹത്തിന് മലയോരത്തുള്ളത്.
മുഖ്യമന്ത്രി വി.ഡി. സതീശൻ്റെ നേതൃത്വത്തിലുള്ള ടീം യു.ഡി.എഫ് മന്ത്രിസഭയിലെ ഏറ്റവും ശ്രദ്ധേയനായ യുവമുഖങ്ങളിൽ ഒരാൾ കൂടിയായ റോജി എം. ജോണിന് ലഭിച്ച ഈ മികച്ച പരിഗണനയെ മലയോരം ഒന്നടങ്കം ഏറെ പ്രതീക്ഷയോടെയാണ് നോക്കിക്കാണുന്നത്.
Post a Comment