കിരീടം നിലനിര്‍ത്താൻ ആര്‍സിബി, പകരം വീട്ടാൻ ടൈറ്റൻസ്; അഹമ്മദാബാദില്‍ ഇന്ന് ഐപില്‍ ഫൈനല്‍


അഹമ്മദാബാദ്:  അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ ഇന്ന് രാത്രി 7.30ന് നടക്കുന്ന ഐപിഎല്‍ കലാശപ്പോരാട്ടത്തില്‍ നിലവിലെ ചാമ്പ്യൻമാരായ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു ഗുജറാത്ത് ടൈറ്റൻസിനെ നേരിടും.ഇന്ത്യൻ ക്രിക്കറ്റിലെ രണ്ട് തലമുറകളുടെ പോരാട്ടമെന്ന് വിശേഷിപ്പിക്കാവുന്ന ഈ മത്സരത്തില്‍, പ്രതിസന്ധികളില്‍ തളരാത്ത വിരാട് കോലിയുടെ ആർസിബിയും നിർഭയം ബാറ്റുവീശുന്ന ശുഭ്മൻ ഗില്ലിന്റെ ഗുജറാത്തും തമ്മിലാണ് പ്രധാന പോര്. ലീഗിലെ ഒന്നും രണ്ടും സ്ഥാനക്കാർ തന്നെ ഫൈനലില്‍ ഏറ്റുമുട്ടുന്നു എന്ന പ്രത്യേകതയും ഇതിനുണ്ട്.
ഫൈനലിലെ കടുത്ത സമ്മർദത്തിലും കിങ് കോലി തിളങ്ങുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. വെങ്കടേഷ് അയ്യർ, ദേവ്ദത്ത് പടിക്കല്‍, ടിം ഡേവിഡ്, ക്രുനാല്‍ പാണ്ഡ്യ എന്നിവർക്കൊപ്പം ക്യാപ്റ്റൻ രജത് പാടിദാർ കൂടി ചേരുന്നതോടെ ആർസിബിയുടെ ബാറ്റിങ് നിര ശക്തമാണ്.
എന്നാല്‍, സീസണിലാകെ 46 വിക്കറ്റുകള്‍ പിഴുത സിറാജ്-റബാഡ സഖ്യത്തിന്റെ ഓപ്പണിങ് സ്പെല്ലിലൂടെ ആർസിബിയെ തുടക്കത്തിലേ പൂട്ടാമെന്നാണ് ഗുജറാത്തിന്റെ കണക്കുകൂട്ടല്‍. കൂടാതെ ജേസണ്‍ ഹോള്‍ഡർ, പ്രസിദ്ധ് കൃഷ്ണ, റാഷിദ് ഖാൻ എന്നിവരടങ്ങുന്ന ബൗളിങ് നിര ആർസിബിക്ക് വലിയ വെല്ലുവിളി ഉയർത്തും.
മറുഭാഗത്ത്, സെഞ്ച്വറി കൂട്ടുകെട്ടുകള്‍ ശീലമാക്കിയ ഗില്ലും സായ് സുദർശനും അടങ്ങുന്ന ഓപ്പണിങ് സഖ്യമാണ് ഗുജറാത്തിന്റെ കരുത്ത്. ഈ സഖ്യത്തെ വീഴ്ത്താൻ ഭുവനേശ്വർ കുമാറിന്റെ സ്വിങ് ബോളുകള്‍ക്കായാല്‍ ആർസിബിക്ക് വിജയം എളുപ്പമാകും.

Post a Comment

Previous Post Next Post