കേരളം ഇനി പുതിയ കൈകളില്‍! തിങ്കളാഴ്ച യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലേക്ക്; തലസ്ഥാനത്തേക്ക് ഒഴുകിയെത്തുക ഒരു ലക്ഷത്തോളം പേര്‍


തിരുവനന്തപുരം:  സംസ്ഥാനത്ത് യു.ഡി.എഫ് സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങുകള്‍ക്കായുള്ള ഒരുക്കങ്ങള്‍ തലസ്ഥാനത്തെ സെൻട്രല്‍ സ്റ്റേഡിയത്തില്‍ ദ്രുതഗതിയില്‍ പുരോഗമിക്കുന്നു.തിങ്കളാഴ്ച (മേയ് 18) രാവിലെ 10 മണിക്ക് നടക്കുന്ന വിപുലമായ ഈ ചടങ്ങില്‍ സാക്ഷ്യം വഹിക്കാൻ ഒരു ലക്ഷത്തോളം ആളുകള്‍ എത്തുമെന്നാണ് സംഘാടകർ പ്രതീക്ഷിക്കുന്നത്. ഇതിനായി പതിനായിരത്തോളം പേർക്ക് ഒരേസമയം ഇരിക്കാൻ കഴിയുന്ന ഭീമാകാരമായ പന്തലാണ് സ്റ്റേഡിയത്തില്‍ ഒരുക്കുന്നത്.
തിരക്ക് പരിഗണിച്ച്‌ പൊതുജനങ്ങളുടെ പ്രവേശനം പൂർണ്ണമായും പാസുകള്‍ വഴി നിയന്ത്രിക്കാനാണ് തീരുമാനം. പന്തലിന്റെ വശങ്ങളില്‍ വീഡിയോ വാളുകള്‍ സ്ഥാപിക്കുന്നതിന് പുറമെ, ചടങ്ങ് തത്സമയം കാണുന്നതിനായി നിശാഗന്ധി ഓഡിറ്റോറിയം ഉള്‍പ്പെടെ നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ വലിയ സ്ക്രീനുകളും സജ്ജീകരിക്കും.
കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി, പ്രിയങ്കാ ഗാന്ധി എം.പി എന്നിവരുള്‍പ്പെടെയുള്ള ദേശീയ നേതാക്കള്‍ ചടങ്ങില്‍ നേരിട്ട് പങ്കെടുക്കും. കൂടാതെ അയല്‍സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെയും ചലച്ചിത്ര-സാംസ്കാരിക മേഖലകളിലെ പ്രമുഖരെയും ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്.
സത്യപ്രതിജ്ഞയ്ക്ക് ശേഷം പുതിയ മന്ത്രിമാർ രാജ്ഭവനില്‍ ഗവർണറുടെ സത്കാരത്തില്‍ പങ്കെടുത്ത ശേഷമായിരിക്കും ആദ്യ മന്ത്രിസഭാ യോഗം ചേരുക. ഈ യോഗത്തില്‍ നിയമസഭ വിളിച്ചുചേർക്കുന്നതിനുള്ള ശുപാർശ ഗവർണർക്ക് സമർപ്പിക്കും.

Post a Comment

Previous Post Next Post