തിരുവനന്തപുരം: മുൻമുഖ്യമന്ത്രിയും പ്രതിപക്ഷനേതാവുമായ പിണറായി വിജയന്റെ വീട്ടില്‍ ഇ ഡി റെയ്‌ഡ്. തിരുവനന്തപുരം ബേക്കറി ജംഗ്‌ഷനിലെ വാടകവീട്ടിലും കണ്ണൂരിലെ വീട്ടിലുമാണ് റെയ്‌ഡ് നടക്കുന്നത്.
പിണറായി വിജയന്റെ മകള്‍ വീണാ വിജയൻ ഉള്‍പ്പെട്ട മാസപ്പടി കേസുമായി ബന്ധപ്പെട്ടാണ് പരിശോധന നടക്കുന്നത്. കേസില്‍ അന്വേഷണവുമായി ഇ ഡിക്ക് മുന്നോട്ടുപോകാമെന്ന് കോടതി വ്യക്തമാക്കിയതിന്റെ തൊട്ടടുത്ത ദിവസമാണ് ഇ ഡി നടപടി.ഇന്ന് പുലർച്ചെയോടെയാണ് ഇ ഡി ഉദ്യോഗസ്ഥർ പിണറായിയുടെ വീട്ടില്‍ എത്തിയത്. പിണാറായി വിജയനും മകള്‍ വീണ വിജയൻ ഉള്‍പ്പടെയുള്ള കുടുംബാംഗങ്ങളും ബേക്കറി ജംഗ്‌ഷനിലെ വീട്ടിലുണ്ട് . കേസുമായി ബന്ധപ്പെട്ട് കേരളത്തിലാകെ 12 ഇടങ്ങളില്‍ പരിശോധന നടക്കുന്നുണ്ടെന്നാണ് വിവരം. പിണറായിയുടെ മരുമകൻ മുഹമ്മദ് റിയാസ്, സിഎംആർഎല്‍ എംപി ശശിധരൻ കർത്ത, സീനിയർ മാനേജർ ചന്ദ്രശേഖർ എന്നിവരുടെ വീടുകളിലും സിഎംആർഎല്ലിന്റെ ഓഫീസുകളിലും പരിശോധന നടക്കുന്നുണ്ട്.
വീണാ വിജയൻ ഉള്‍പ്പെട്ട മാസപ്പടിക്കേസില്‍ ഇഡി അന്വേഷണം റദ്ദാക്കണമെന്ന ആലുവയിലെ കൊച്ചിൻ മിനറല്‍സ് ആൻഡ് റൂട്ടെയ്‌ല്‍സ് ലിമിറ്റഡിന്റെ (സി.എം.ആർ.എല്‍) ആവശ്യമാണ് ഹൈക്കോടതി ഇന്നലെ തള്ളിയത്. ഇഡിയുടെ അന്വേഷണത്തിനുണ്ടായിരുന്ന സ്റ്റേ ഇതോടെ നീങ്ങുകയായിരുന്നു. മാസപ്പടിക്കേസില്‍ കള്ളപ്പണം വെളുപ്പിക്കല്‍ നിയമപ്രകാരമാണ് ഇഡി അന്വേഷിക്കുന്നത്. ഇഡി അയച്ച സമൻസുകള്‍ ചോദ്യംചെയ്തും അന്വേഷണം റദ്ദാക്കണമെന്നും ആവശ്യപ്പെട്ടുമാണ് സിഎംആർഎല്‍ കോടതിയെ സമീപിച്ചത്.
വീണയുടെ ഉടമസ്ഥതയിലുള്ള എക്‌സലോജിക് എന്ന ഐടി കമ്പനിക്ക് സിഎംആർഎല്‍ നിയമവിരുദ്ധമായി വൻതുക നല്‍കിയെന്നാണ് പ്രധാന ആരോപണം. ഐടി സേവനങ്ങള്‍ ഒന്നും നല്‍കാതെ 1.72 കോടിരൂപ എന്തിനാണ് നല്‍കിയതെന്നാണ് പ്രധാനമായും അന്വേഷിക്കുന്നത്. ഇഡിക്കൊപ്പം സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസും കേസ് അന്വേഷിക്കുന്നുണ്ട്. ഈ അന്വേഷണത്തിലൂടെ പണത്തിന്റെ ഉറവിടം, ആരുടെ നിർദേശപ്രകാരമാണ് പണം കൈമാറിയത് തുടങ്ങിയ കാര്യങ്ങളില്‍ വ്യക്തത വരുത്താനാണ് ഇഡി ലക്ഷ്യമിടുന്നത്. സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ് അന്വേഷണം നടത്തുന്നതിനാല്‍ ഇഡിയുടെ അന്വേഷണം ആവശ്യമില്ലെന്നാണ് സിഎംആർഎല്‍ വാദിച്ചത്.
Post a Comment