സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ജീവനക്കാര്‍ മേയ് 25 മുതല്‍ രാജ്യവ്യാപകമായി നടത്താനിരുന്ന ബാങ്ക് പണിമുടക്ക് മാറ്റിവെച്ചു


സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ജീവനക്കാർ മേയ് 25 മുതല്‍ രാജ്യവ്യാപകമായി നടത്താനിരുന്ന ബാങ്ക് പണിമുടക്ക് മാറ്റിവെച്ചു.മുംബൈയില്‍ ബാങ്ക് മാനേജ്മെന്റും യൂണിയൻ പ്രതിനിധികളുമായി നടത്തിയ ചർച്ച വിജയകരമായതിനെ തുടർന്നാണ് തീരുമാനം.
മതിയായ ജീവനക്കാരെ നിയമിക്കുന്നത് ഉള്‍പ്പെടെയുള്ള വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച്‌ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ സ്റ്റാഫ് ഫെഡറേഷന്റെ നേതൃത്വത്തിലായിരുന്നു പണിമുടക്കിന് ആഹ്വാനം ചെയ്തിരുന്നത്. മേയ് 25, 26 തീയതികളില്‍ (തിങ്കള്‍, ചൊവ്വാ) തുടർച്ചയായ രണ്ട് ദിവസങ്ങളില്‍ പണിമുടക്ക് നടത്തുമെന്നായിരുന്നു സംഘടന നേരത്തെ അറിയിച്ചിരുന്നത്.
ബാങ്കിലെ സ്ഥിരം ജോലികള്‍ പുറംകരാർ നല്‍കുന്നത് അവസാനിപ്പിക്കുക, ഹൗസ് കീപ്പിങ്, സെക്യൂരിറ്റി ഗാർഡ് തസ്തികകളിലും ക്ലറിക്കല്‍ വിഭാഗത്തിലും അടിയന്തരമായി സ്ഥിരനിയമനം നടത്തുക, ജീവനക്കാരെ ബാധിക്കുന്ന മറ്റ് തൊഴില്‍പരമായ പ്രശ്നങ്ങള്‍ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് ഫെഡറേഷൻ മുന്നോട്ടുവെച്ചത്.
ഇതിനുപുറമെ, ബാങ്കിങ് ഇതര സേവനങ്ങളായ ഇൻഷുറൻസ് പോളിസികള്‍ വില്‍ക്കാൻ ജീവനക്കാരെ അനാവശ്യമായി നിർബന്ധിക്കുന്നതിനെതിരെയും ജീവനക്കാർക്കിടയില്‍ ശക്തമായ പ്രതിഷേധം നിലനിന്നിരുന്നു. ഈ വിഷയങ്ങളില്‍ അനുകൂല തീരുമാന ഉണ്ടായതോടെയാണ് സമരം മാറ്റിവെച്ചത്.

Post a Comment

Previous Post Next Post