മുബൈ: ഐപിഎല്ലില്‍ രാജസ്ഥാൻ റോയല്‍സിനായി അവിശ്വസനീയ ബാറ്റിങ് പുറത്തെടുത്ത കൗമാര താരം വൈഭവ് സൂര്യവംശിയുടെ ബ്രാൻഡ് മൂല്യം ഉയരുന്നു.
ലോകോത്തര ബൗളർമാരെ അനായാസം അതിർത്തി കടത്തുന്ന 15-കാരൻ വൈഭവിന്‍റെ ബാറ്റ് സ്പോണ്‍സർഷിപ്പിനായി പ്രമുഖ കോർപ്പറേറ്റ് കമ്പനികള്‍ കോടികളുമായി രംഗത്തെത്തിയെന്നാണ് റിപ്പോർട്ടുകള്‍. വർഷത്തില്‍ 12 കോടി രൂപയുടെ റെക്കോർഡ് തുകയാണ് ഒരു പ്രമുഖ ടയര്‍ നിര്‍മാണ കമ്പനി വൈഭവിന് മുന്നില്‍ വെച്ചിരിക്കുന്നതെന്ന് 'ക്രിക് ബ്ലോഗർ' റിപ്പോർട്ട് ചെയ്തു.
കരാറില്‍ ഒപ്പിടാനായി രാജ്യത്തെ ഒരു പ്രമുഖ ബ്രാൻഡ് വൈഭവിന് 'ബ്ലാങ്ക് ചെക്ക്' വരെ ഓഫര്‍ ചെയ്തുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. നിലവില്‍ സറീന്‍ സ്പോര്‍ട്സ്(എസ്‌എസ്) ആണ് പ്രതിവർഷം 50 ലക്ഷം രൂപക്ക് വൈഭവിന്‍റെ ബാറ്റ് സ്പോണ്‍സർ ചെയ്യുന്നത്. എസ് എസുമായുള്ള വൈഭവിന്‍റെ കരാര്‍ ഉടന്‍ അവസാനിക്കാനിരിക്കെയാണ് പുതിയ ഓഫറുകളുമായി വമ്പന്‍മാര്‍ രംഗത്തെത്തിയത്. മികച്ച ഓഫറുകള്‍ വന്നാല്‍ എസ് എസുമായുള്ള കരാറില്‍ നിന്ന് പിൻമാറാനും വൈഭവിന് അനുവാദമുണ്ട്. ഐപിഎല്ലിലെ മിന്നും പ്രകടനത്തോടെ എംആർഎഫ്, സിയറ്റ് തുടങ്ങിയ രാജ്യത്തെ പ്രമുഖ ടയർ നിർമ്മാണ കമ്പനികളാണ് വൈഭവിന്‍റെ ബാറ്റ് സ്പോണ്‍സര്‍ഷിപ്പിനായി കോടികളുമായി രംഗത്തിറങ്ങിയിരിക്കുന്നത്.ക്രിക്കറ്റ് ലോകത്ത് സാധാരണയായി ബാറ്റ് നിർമ്മാതാക്കള്‍ പരമാവധി 8 കോടി രൂപ വരെയാണ് ഒരു താരത്തിന് നല്‍കാറുള്ളത്. എന്നാല്‍ ടയർ നിർമ്മാണ രംഗത്തെ വമ്പന്മാർ പരസ്യ വിപണി പിടിക്കാൻ കോടികള്‍ ഒഴുക്കാൻ തയ്യാറായതാണ് വൈഭവിന്‍റെ മൂല്യം 12 കോടിയിലെത്തിച്ചത്. വൈഭവ് ഈ ഓഫർ സ്വീകരിച്ചാല്‍ ക്രിക്കറ്റ് സ്പോണ്‍സർഷിപ്പ് ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ മാറ്റമായി ഇത് മാറും.
ഐപിഎല്ലിലെ തന്‍റെ ആദ്യ ഫുള്‍ സീസണ്‍ കളിക്കുന്ന വൈഭവ്15 മത്സരങ്ങളില്‍ നിന്ന് 680 റണ്‍സടിച്ച് റണ്‍വേട്ടക്കാരില്‍ ഒന്നാമതാണ്. 240-ന് മുകളില്‍ സ്ട്രൈക്ക് റേറ്റിലാണ് വൈഭവിന്‍റെ വെടിക്കെട്ട്. ഒരു ഫോർമാറ്റില്‍ മാത്രം കളിക്കുന്ന റിഷഭ് പന്തിനെപ്പോലുള്ള താരങ്ങള്‍ക്ക് പ്രതിവർഷം 8 കോടി രൂപ വരെ സ്പോണ്‍സർഷിപ്പ് ലഭിക്കുമ്പോള്‍, ഐപിഎല്ലില്‍ മിന്നും പ്രകടനം പുറത്തെടുക്കുന്ന വൈഭവ് സൂര്യവംശിക്ക് 12 കോടി ലഭിക്കുന്നതില്‍ അത്ഭുതപ്പെടാനില്ലെന്നാണ് ക്രിക്കറ്റ് നിരീക്ഷകരുടെ വിലയിരുത്തല്‍.
Post a Comment