ആശ്വാസ വാര്‍ത്ത; കുടകില്‍ കാണാതായ ശരണ്യയെ കണ്ടെത്തി


മടിക്കേരി: കർണാടകയിലെ കുടകിൽ തടിയൻഡ മോൾ മലനിരകളിൽ ട്രക്കിങ്ങിനിടെ കാണാതായ മലയാളി യുവതി ശരണ്യയെ (35) കണ്ടെത്തി. നാല് ദിവസമായി വനംവകുപ്പും പൊലീസും നാട്ടുകാരും ചേർന്ന് നടത്തിയ ഊർജിതമായ തിരച്ചിലിനൊടുവിൽ ഞായറാഴ്ച വൈകുന്നേരത്തോടെയാണ് യുവതിയെ വനത്തിനുള്ളിൽ നിന്ന് കണ്ടെത്തിയത്.  
കോഴിക്കോട് നാദാപുരം സ്വദേശിനിയും കൊച്ചിയിൽ സോഫ്റ്റ്‌വെയർ എൻജിനീയറുമായ ശരണ്യയെ ഏപ്രിൽ രണ്ടിനാണ് കാണാതായത്. തനിയെ ട്രക്കിങ്ങിന് അനുമതി ലഭിക്കാത്തതിനാൽ പത്തംഗ സംഘത്തോടൊപ്പമാണ് ശരണ്യ യാത്ര തിരിച്ചത്. എന്നാൽ കാടിനുള്ളിൽ വെച്ച് വഴിതെറ്റിയ ശരണ്യ ഇക്കാര്യം വീട്ടുകാരെ ഫോണിൽ അറിയിച്ചിരുന്നു. പിന്നീട് ഫോൺ സ്വിച്ച് ഓഫ് ആയതോടെയാണ് ആശങ്ക വർധിച്ചത്.  

ഡ്രോണുകൾ, തെർമൽ സ്കാനറുകൾ, ഡോഗ് സ്ക്വാഡ് എന്നിവയുടെ സഹായത്തോടെ അമ്പതംഗ സംഘമാണ് തിരച്ചിൽ നടത്തിയത്. കനത്ത മഞ്ഞും വന്യമൃഗങ്ങളുടെ സാന്നിധ്യവും തിരച്ചിലിന് വലിയ വെല്ലുവിളി ഉയർത്തിയിരുന്നു. കേരള മുഖ്യമന്ത്രി പിണറായി വിജയനും എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലും വിഷയത്തിൽ ഇടപെട്ട് കർണാടക സർക്കാരുമായി ബന്ധപ്പെട്ടിരുന്നു.

Post a Comment

Previous Post Next Post