വാൽപ്പാറ:തമിഴ്‌നാട്ടിലെ വിനോദസഞ്ചാര കേന്ദ്രമായ വാൽപ്പാറയിൽ മലയാളികൾ സഞ്ചരിച്ച മിനി വാൻ കൊക്കയിലേക്ക് മറിഞ്ഞ് എട്ടുപേർ മരിച്ചു. മലപ്പുറം സ്വദേശികളായ അധ്യാപക സംഘമാണ് അപകടത്തിൽപ്പെട്ടത്. ഇന്ന് വൈകുന്നേരത്തോടെ വാൽപ്പാറ-പൊള്ളാച്ചി പാതയിലെ പതിനൊന്നാം ഹെയർപിൻ വളവിലായിരുന്നു നാടിനെ നടുക്കിയ അപകടം.
നിയന്ത്രണം വിട്ട വാഹനം സംരക്ഷണ ഭിത്തി തകർത്ത് താഴെയുള്ള ഒമ്പതാം വളവിലേക്ക് പതിക്കുകയായിരുന്നു. മരിച്ചവരിൽ അഞ്ചുപേർ സംഭവസ്ഥലത്തും മൂന്നുപേർ ആശുപത്രിയിലേക്കുള്ള വഴിമധ്യേയുമാണ് മരിച്ചത്. വാനിൽ ഉണ്ടായിരുന്ന മറ്റ് യാത്രക്കാർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇവരെ പൊള്ളാച്ചി സർക്കാർ ആശുപത്രിയിലും കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിലുമായി പ്രവേശിപ്പിച്ചു.
നാട്ടുകാരും പോലീസും അഗ്നിശമന സേനയും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. കനത്ത മഞ്ഞും വെളിച്ചക്കുറവും രക്ഷാപ്രവർത്തനത്തിന് തടസ്സം സൃഷ്ടിച്ചു. മലപ്പുറത്തെ ഒരു സ്വകാര്യ സ്കൂളിൽ നിന്നും വിനോദയാത്രയ്ക്ക് പോയ സംഘമാണ് അപകടത്തിൽപ്പെട്ടതെന്നാണ് പ്രാഥമിക വിവരം. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടം നടപടികൾക്കായി പൊള്ളാച്ചി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
Post a Comment