എസ്‌എസ്‌എല്‍സി ഹയര്‍ സെക്കൻഡറി പരീക്ഷയുടെ മൂല്യ നിര്‍ണ്ണയം ഇന്ന് മുതല്‍


തിരുവനന്തപുരം: എസ്‌എസ്‌എല്‍സി ഹയർ സെക്കൻഡറി പരീക്ഷകളുടെ മുല്യനിർണ്ണയം ഇന്നു മുതല്‍ ആരംഭിക്കും. നിയമസഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ പുനക്രമീകരിച്ച മൂല്യനിർണയമാണ് ഇന്ന് മുതല്‍ ആരംഭിക്കുന്നത്.ഏപ്രില്‍ ആറ്‌ മുതല്‍ 25 വരെ നടത്താനായിരുന്നു നേരത്തെ നിശ്ചയിച്ചിരുന്നത്. ഏപ്രില്‍ ഒമ്പതിന് വോട്ടെടുപ്പ് നടക്കുന്നതിനാലാണ് തീയതി പിന്നീട് മാറ്റിയത്.
സംസ്ഥാനത്ത് 89 ക്യാമ്പുകളിലായി ഇരുപത്തിനാലായിരത്തോളം അധ്യാപകരാണ് ഇക്കൊല്ലത്തെ മുല്യനിർണ്ണയ ക്യാമ്പില്‍ പങ്കാളികളാവുന്നത്. വിദ്യാഭ്യാസ വകുപ്പിൻ്റെ ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം, മൂന്ന് ഘട്ടമായാണ് മൂല്യനിർണയം നടക്കുന്നത്. ആദ്യഘട്ടം ഏപ്രില്‍ 16 മുതല്‍ 18 വരെയും രണ്ടാംഘട്ടം ഏപ്രില്‍ 20 മുതല്‍ 25 വരെയും മൂന്നാം ഘട്ടം ഏപ്രില്‍ 27 മുതല്‍ മേയ് രണ്ട് വരെയുമാണ് മൂല്യനിർണയം.
അതേസമയം മെയ് രണ്ടാം വാരത്തോടെ പത്താം ക്ലാസിൻ്റെയും പ്ലസ് ടുവിൻ്റെ പരീക്ഷാഫലം പ്രഖ്യാപിക്കാനാണ് വിദ്യാഭ്യാസ വകുപ്പ് ലക്ഷ്യമിടുന്നത്. ഇക്കൊല്ലത്തെ എസ്‌എസ്‌എല്‍സിക്ക് 4.14 ലക്ഷം വിദ്യാർഥികളുടെ 36 ലക്ഷത്തോളം ഉത്തര കടലാസുകള്‍ മൂല്യനിർണ്ണയം ചെയ്യുന്നത്. എഴുപത് കേന്ദ്രങ്ങളില്‍ 10,500 അധ്യാപകരാണ് പത്താം ക്ലാസിൻ്റെ മാത്രം മൂല്യനിർണയത്തില്‍ ഭാഗമാകുന്നത്.
ഹയർ സെക്കൻഡറിയില്‍ 8.7 ലക്ഷം വിദ്യാർഥികളുടെ 80 ലക്ഷത്തോളം പേപ്പറുകളാണ് ഇന്ന് മുതല്‍ മൂല്യനിർണ്ണയം ചെയ്യുന്നത്. വിഎച്ച്‌എസ് സിയില്‍ 30,000 വിദ്യാർഥികളും പരീക്ഷ എഴുതിയിട്ടുണ്ട്. മാർച്ച്‌ 30നാണ് എസ്‌എസ്‌എല്‍സി പരീക്ഷ അവസാനിച്ചത്. മാർച്ച്‌ ആറ് മുതല്‍ 28 വരെയാണ് പ്ലസ്ടു പരീക്ഷ നടന്നത്. ഹയർസെക്കൻഡറി ഒന്നും രണ്ടും വർഷങ്ങളിലായി ഒമ്പത് ലക്ഷത്തോളം വിദ്യാർത്ഥികളാണ് പരീക്ഷ എഴുതിയത്. പൊതു വിദ്യാലയങ്ങളിലെ ഒമ്പത് വരെയുള്ള ക്ലാസുകളിലെ വിദ്യാ‍ർഥികളുടെ പരീക്ഷാ ഫലം മെയ് രണ്ടിന് പുറത്തു വിടും.

Post a Comment

Previous Post Next Post