കട്ടപ്പനയില്‍ 8 വര്‍ഷം മുമ്പ് അയല്‍ക്കാരൻ നല്‍കിയ അലമാരയില്‍ 7 പവൻ സ്വര്‍ണ്ണവും പണവും; തിരികെ നല്‍കി മാതൃകയായി


ഇടുക്കി: കട്ടപ്പനയില്‍ വർഷങ്ങള്‍ക്കു മുമ്പ് നഷ്ടപ്പെട്ട സ്വർണവും പണവും ഉടമയ്ക്ക് തിരികെ നല്‍കിയ സംഭവം മാതൃകയാവുകയാണ്.
കട്ടപ്പന വെള്ളയാംകുടി സ്വദേശി മരോട്ടിശ്ശെരില്‍ ബാബുവാണ് വർഷങ്ങള്‍ക്കു മുമ്പുള്ള അയല്‍ക്കാരന്റെ പണം കഴിഞ്ഞ ദിവസം തിരികെ നല്‍കിയത്. കുറച്ചു വർഷങ്ങള്‍ക്കു മുമ്പാണ് സംഭവം വെള്ളയാംകുടി കൈനിക്കുന്നേല്‍ ജിജോ എന്ന അധ്യാപകൻ തന്റെ അയല്‍വാസിയായ ബാബുവിന് സ്റ്റീലിന്റെ അലമാര സൗജന്യമായി നല്‍കിയിരുന്നു.
11 വർഷം മുമ്പ് ഒരു അപകടത്തില്‍ മരിച്ചുപോയ ജിജോയുടെ അമ്മ ഉപയോഗിച്ചുകൊണ്ടിരുന്ന അലമാരയായിരുന്നു അത്. പിന്നീട് ബാബുവിനിത് സൗജന്യമായി നല്‍കുകയായിരുന്നു. അലമാര പഴക്കം ചെന്നതിനെ തുടർന്ന് ഇതിനുള്ളിലെ ഡ്രോ അടയ്ക്കാനും തുറക്കാനും ബുദ്ധിമുട്ടായിരുന്നു. പിന്നീട് കഴിഞ്ഞ ആഴ്ചയില്‍ ബാബു അലമാരയുടെ ഡ്രോ അഴിച്ചെടുത്തപ്പോഴാണ് പേഴ്സിനുള്ളിലായി സൂക്ഷിച്ചിരുന്ന സ്വർണവും പണവും കണ്ടത്.സ്വർണ്ണം കൊണ്ടുള്ള ഒരു കൊന്തയും മാലയും, വളയും, കമ്മലും ആയിരുന്ന പേഴ്സില്‍ ഉണ്ടായിരുന്നത്. ഇവയെല്ലാം കൂടി ഏകദേശം ഏഴ് പവനോളം സ്വർണം ഉണ്ട്. കൂടാതെ 7500 രൂപയും ഉണ്ട്. പിൻവലിച്ച നോട്ടുകള്‍ ആയിരുന്നു ഉള്ളത്. എന്നാല്‍ ഉടനെ തന്നെ ബാബു സ്വർണ്ണവും പണവും അലമാരയില്‍ കണ്ട വിവരം ജിജോയെ അറിയിക്കുകയും വാർഡ് കൗണ്‍സിലർ ബീന സിബിയുടെ സാന്നിധ്യത്തില്‍ അവയെല്ലാം ഉടമയ്ക്ക് തന്നെ കൈമാറുകയും ചെയ്തു. ഇതോടെ ബാബു മറ്റുള്ളവർക്ക് ഒരു മാതൃകയായി മാറുകയാണ്. വലിയ കഷ്ടപ്പാടുകള്‍ക്കിടയിലാണ് ബാബു ജീവിക്കുന്നത് എന്നിട്ടും തനിക്കും മുന്നില്‍ വന്ന സമ്പത്ത് അർഹനല്ലാത്തതിനാല്‍ അദ്ദേഹം തിരിച്ചു നല്‍കിയിരിക്കുന്നു.

Post a Comment

Previous Post Next Post