ശ്രീനന്ദ കാണാമറയത്ത്.....! തട്ടിക്കൊണ്ടുപോകല്‍ സംശയിച്ച്‌ മാതാപിതാക്കള്‍, 15കാരിക്കായുള്ള തെരച്ചില്‍ ഇന്നും തുടരും, അന്വേഷണം മറ്റുതലങ്ങളിലേക്കും


ചിക്കമഗളൂരു:  കർണാടകത്തിലെ ചിക്കമഗളുരുവില്‍ കാണാതായ പതിനഞ്ചുകാരി ശ്രീനന്ദക്കായുള്ള തെരച്ചില്‍ ഇന്നും തുടരും.കുട്ടിയെ കാണാതായ മാണിക്യധാര വെള്ളച്ചാട്ടത്തോട് ചേർന്നുള്ള ചെങ്കുത്തായ മേഖലകളില്‍ ഇറങ്ങിയുള്ള പരിശോധന ഇന്നും തുടരും.
കുട്ടിയെ തട്ടിക്കൊണ്ടുപോയിട്ടുണ്ടാകാം എന്ന ഗുരുതര ആരോപണം മാതാപിതാക്കള്‍ ഉന്നയിച്ചിട്ടുള്ള സാഹചര്യത്തില്‍ ആ ദിശയിലും അന്വേഷണം ഉണ്ടാകും. ശ്രീനന്ദയെ കാണാതായിട്ട് 60 മണിക്കൂറിലേറെ പിന്നിട്ട് കഴിഞ്ഞു. കുട്ടിയെ കണ്ടെത്താനാകും എന്ന പ്രതീക്ഷയില്‍ ചിക്കമഗളുരുവില്‍ തന്നെ തുടരുകയാണ് മാതാപിതാക്കള്‍.
ചൊവ്വാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് പാലക്കാട് കടമ്പഴിപ്പുറത്ത് നിന്ന് 40 അംഗ സംഘത്തിനൊപ്പം എത്തിയ ശ്രീനന്ദയെ കാണാതാകുന്നത്. ബാബാ ബുധൻ ഗിരിയിലെ മാണിക്യധാര വെള്ളച്ചാട്ടത്തിന് സമീപത്ത് നിന്നുമാണ് കാണാതായത്. പൊലീസ്, വനം വകുപ്പ്, അഗ്നിരക്ഷാ സേന എന്നിവർ ഉള്‍പ്പെടുന്ന 100 അംഗ സ്പെഷ്യല്‍ ടാസ്ക് ഫോഴ്സാണ് ഇപ്പോള്‍ തെരച്ചില്‍ നടത്തുന്നത്.
ചെങ്കുത്തായ ഇറക്കങ്ങളിലും കൊക്കകളിലും പരിശോധന നടത്താൻ തെർമല്‍ ഡ്രോണുകള്‍ ഉപയോഗിച്ചു. എന്നാല്‍ ഇന്നലെ രാത്രി വൈകി നടത്തിയ പരിശോധനയിലും ഫലമുണ്ടായില്ല. ശ്രീനന്ദയ്ക്കായുള്ള തെരച്ചില്‍ ഇന്ന് നാലാം ദിവസത്തിലേക്ക് കടന്നു.

Post a Comment

Previous Post Next Post