'കുടിക്കാന്‍ വെള്ളം തന്നത് ബാത്ത്‌റൂമിലെ ബക്കറ്റില്‍ നിന്ന്, ഭക്ഷണം കഴിക്കാതെ ഞാന്‍ തളര്‍ന്നിരുന്നു'; പൊട്ടിക്കരഞ്ഞ് വാവ സുരേഷ്


കേരളത്തില്‍ ധാരാളം പാമ്പ് പിടുത്തക്കാരുണ്ടെങ്കിലും വാവ സുരേഷിന്റെ തട്ട് താണ് തന്നെയിരിക്കും. ധൈര്യശാലിയായ വാവ സുരേഷിനെ മാത്രമേ മലയാളികള്‍ എപ്പോഴും കണ്ടിട്ടുള്ളൂ.ഏത് പാമ്പാണെങ്കിലും അതിന് ഒരു മടിയുമില്ലാതെ പിടികൂടി മടങ്ങുന്ന അദ്ദേഹം തന്റെ ജീവിതത്തില്‍ നേരിട്ടത് അതിക്രൂരമായ ജാതിവിവേചനമാണ്. കൃത്യനിര്‍വഹണത്തിനായി എത്തിയ വീടുകളില്‍ നിന്ന് ലഭിച്ച കുടിവെള്ളത്തില്‍ പോലും വിവേചനം ഉണ്ടായിരുന്നുവെന്ന് തുറന്നുപറയുകയാണ് അദ്ദേഹം.
ജീവന്‍ പണയം വെച്ചാണ് അദ്ദേഹം എപ്പോഴും പാമ്പുകളെ പിടിച്ചിരുന്നത്. വാവ സുരേഷിന്റെ വീരസാഹസിക പ്രവൃത്തികളെ വാഴ്ത്താറുണ്ടെങ്കിലും അതിന് പിന്നില്‍ അദ്ദേഹം സഹിച്ച യാതനകള്‍ ആരും അറിയാതെ പോകുന്നു. ഇക്കാലമത്രയും താന്‍ നേരിട്ട വിവേചനത്തെ കുറിച്ച്‌ മൂവി വേള്‍ഡ് മീഡിയയോട് സംസാരിക്കുകയാണ് വാവ സുരേഷ്.
"ഒരുപാട് തവണ മോശം അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. നെയ്യാറ്റിന്‍കരയ്ക്ക് അടുത്ത് ഒരുപാട് വര്‍ഷങ്ങള്‍ക്ക് മുമ്പ് അധ്യാപികയായ ഒരമ്മയുടെ വീട്ടില്‍, അവര്‍ പ്രിന്‍സിപ്പളോ മറ്റോ ആയിരുന്നു, മതിലില്‍ പമ്പ് വന്നു. ഉച്ചയ്ക്ക് ഒരു 12.30യ്ക്ക് തുടങ്ങി വൈകിട്ട് ആറരയ്ക്കാണ് പാമ്പിനെ കിട്ടുന്നത്. ഞാന്‍ ഭക്ഷണമൊന്നും കഴിച്ചിട്ടില്ല. ഞാന്‍ ചെറുപ്പം മുതല്‍ക്കെ ഒരു വീട്ടില്‍ പോയാലും അങ്ങനെ ആഹാരം കഴിക്കാറില്ല, നമുക്ക് ആഹാരം തരുന്നത് കൊണ്ട് ഇനി അവര്‍ക്കെന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടാകുമോ എന്ന് കരുതി മാത്രമാണത്.
പാമ്പിനെ പിടിച്ച്‌ ക്ഷീണിച്ച്‌ വിയര്‍ത്ത് ഞാനങ്ങ് ഇരുന്നുപോയി, അപ്പോള്‍ കുടിക്കാന്‍ വെള്ളം തരുമോയെന്ന് ഞാന്‍ അവരോട് ചോദിച്ചു. മക്കളേ ഇപ്പോള്‍ കൊണ്ടുവരാമെന്ന് അവര്‍ പോയി, വീട്ടിലെ പുറത്ത് ഉപയോഗിക്കുന്ന ബാത്ത്‌റൂമില്‍ ബക്കറ്റില്‍ കിടന്ന മഗ്ഗെടുത്ത് കഴുകിയാണ് എനിക്ക് കുടിക്കാന്‍ വെള്ളം കൊണ്ടുവന്നത്, അത് വ്യക്തമായിട്ട് ഞാന്‍ കണ്ടോണ്ട് ഇരിക്കുകയായിരുന്നു. അവിടുത്തെ ജോലിക്കാര്‍ എന്നോട് പറഞ്ഞു ചേട്ടാ അത് കുടിക്കല്ലേ എന്ന്, ഞാനത് കുടിച്ചില്ല കളഞ്ഞു.എന്റെ ഏറ്റവും അടുത്ത ഒരു സുഹൃത്തുണ്ടായിരുന്നു, അയാള്‍ ഒരു ദിവസം എന്നെ തിരുവോണത്തിന് എന്നെ വീട്ടിലേക്ക് ക്ഷണിച്ചു. പക്ഷെ ഞാന്‍ വരാന്‍ പറ്റില്ലെന്ന് പറഞ്ഞു, ഞാന്‍ പായസം കുടിക്കാന്‍ വരാമെന്ന് പറഞ്ഞു. അങ്ങനെ ഞാന്‍ ചെന്നു, വീടിന്റെ വരാന്തയില്‍ ഇരുത്തി, പായസം എടുക്കാമെന്ന് പറഞ്ഞ് അവര്‍ വീടിന്റെ അകത്തേക്ക് പോയി. അരമണിക്കൂറായി മുക്കാല്‍ മണിക്കൂറായി പായസം കണ്ടില്ല, ആരെയും കാണാനില്ല.
ഞാന്‍ അടുക്കളയില്‍ പോയി നോക്കി, അവരെല്ലാവരും അകത്തുണ്ട് നൂറോളം ഗ്ലാസുകള്‍ ഇങ്ങനെ നിരത്തി വെച്ചിട്ടുണ്ട്, അവിടുത്തെ മോനെ കാണാനില്ല, അവനുണ്ട് വെളിയില്‍ നിന്ന് ഓടിവരുന്നു. ഏതോ ഒരു കടയില്‍ പോയി ഡിസ്‌പോസിബിള്‍ ഗ്ലാസ് വാങ്ങിച്ച്‌ വരികയായിരുന്നു അവന്‍, അതിലാണ് എനിക്ക് പായസം തന്നത്. ഞാനത് കുടിച്ചു, എനിക്ക് മനസിലായി, ആ ഗ്ലാസ് കഴുകി അവിടെ കളയാതെ മടക്കി എന്റെ പോക്കറ്റിലിട്ട് തിരികെ പോന്നു. ഇങ്ങനെ ഒരുപാട് അനുഭവങ്ങള്‍ എനിക്കുണ്ടായിട്ടുണ്ട്. അവരുടെ ഇടുങ്ങിയ മനസായിരിക്കാം, ആ കാലഘട്ടത്തിലുള്ള അറപ്പോ വെറുപ്പോ ആയിരിക്കാം, അതുകൊണ്ട് ഞാന്‍ അതൊന്നും അത്ര വലിയ സംഭവമായി കാണാറില്ല," എന്ന് പറഞ്ഞ് വാവ സുരേഷ് കരഞ്ഞു.

Post a Comment

Previous Post Next Post