ഇനി പറന്നുപോകാനും പാടുപെടും; ഇന്ധന സര്‍ചാര്‍ജ് വര്‍ധിപ്പിക്കാനൊരുങ്ങി എയര്‍ ഇന്ത്യ; വിമാന ടിക്കറ്റ് നിരക്ക് കൂടും


ഡല്‍ഹി: എയര്‍ ഇന്ത്യയുടെ ടിക്കറ്റ് നിരക്ക് വര്‍ധിച്ചേക്കുമെന്ന് സൂചനകള്‍. ആഭ്യന്തര വിമാന സർവീസുകള്‍ക്ക് 400 രൂപ ഇന്ധന സർചാർജ് ഏർപ്പെടുത്തുമെന്ന് എയർ ഇന്ത്യ പ്രഖ്യാപിച്ചു.അന്താരാഷ്ട്ര യാത്രക്കാർ നിലവിലുള്ള സർചാർജിനേക്കാള്‍ 10-50 ഡോളർ അധികമായി നല്‍കേണ്ടിവരും. വിതരണ തടസ്സങ്ങള്‍ കാരണം മാർച്ച്‌ ആദ്യം മുതല്‍ ഏവിയേഷന്‍ ടര്‍ബൈന്‍ ഫ്യുവലിന്റെ (എടിഎഫ്) വിലയില്‍ ഗണ്യമായ വര്‍ധനവ് സംഭവിച്ചതായി എയര്‍ ഇന്ത്യ ഗ്രൂപ്പ് പ്രസ് റിലീസില്‍ വ്യക്തമാക്കി.
ഇന്ത്യയില്‍, ഡല്‍ഹി, മുംബൈ തുടങ്ങിയ പ്രധാന മെട്രോ നഗരങ്ങളില്‍ എടിഎഫിന്മേലുള്ള ഉയർന്ന എക്സൈസ് തീരുവയും വാറ്റും ഇത് മൂലം വര്‍ധിക്കുന്നുണ്ടെന്നും, ഇത് ചെലവ് കൂട്ടുന്നതായും എയര്‍ ഇന്ത്യ ഗ്രൂപ്പ് വ്യക്തമാക്കി. പുതിയ ഇന്ധന സർചാർജുകള്‍ മൂന്ന് ഘട്ടങ്ങളിലായാണ് നടപ്പിലാക്കുന്നത്.
ഇടയ്ക്കിടെ സർചാർജുകള്‍ പുനഃപരിശോധിക്കുമെന്നും കമ്പനി വ്യക്തമാക്കി. മാർച്ച്‌ 12 മുതല്‍ നടത്തുന്ന എല്ലാ പുതിയ ബുക്കിംഗുകള്‍ക്കും ആഭ്യന്തര വിമാനങ്ങള്‍ക്ക് 400 രൂപ ഇന്ധന സർചാർജ് ഈടാക്കുമെന്നാണ് റിപ്പോര്‍ട്ട്. രാജ്യാന്തര യാത്രകളില്‍, പശ്ചിമേഷ്യൻ വിമാനങ്ങളില്‍ യാത്രക്കാർ 10 ഡോളർ അധികമായി നല്‍കേണ്ടി വരും.
തെക്കുകിഴക്കൻ ഏഷ്യൻ റൂട്ടുകളില്‍ സർചാർജ് 40 ഡോളറില്‍ നിന്ന് 60 ഡോളറായും ആഫ്രിക്കൻ റൂട്ടുകളില്‍ 60 ഡോളറില്‍ നിന്ന് 90 ഡോളറായും വര്‍ധിക്കുമെന്നാണ് സൂചന. മാർച്ച്‌ 18 മുതല്‍ യൂറോപ്പിലേക്കുള്ള വിമാനങ്ങളുടെ ഇന്ധന സർചാർജ് 100 ഡോളറില്‍ നിന്ന് 125 ഡോളറായി ഉയരും.

Post a Comment

Previous Post Next Post