കല്‍പ്പറ്റ:മുണ്ടക്കൈ-ചൂരല്‍മലയിലെ അതിജീവിതർക്കായി സംസ്ഥാന സർക്കാർ നിർമ്മിച്ച മാതൃകാ ടൗണ്‍ഷിപ്പ് ഇന്ന് ഉദ്ഘാടനം ചെയ്യും.
എല്‍സ്റ്റണ്‍ എസ്റ്റേറ്റില്‍ ഒരുക്കിയ ടൗണ്‍ഷിപ്പിലെ ആദ്യഘട്ട 178 വീടുകളുടെ താക്കോല്‍ദാനം ഇന്ന് രാവിലെ 11 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിക്കും. ദുരന്തത്തില്‍ എല്ലാം നഷ്ടപ്പെട്ടവരെ ചേർത്തുനിർത്തുമെന്ന സർക്കാരിന്റെ ഉറച്ച തീരുമാനത്തിന്റെ സാക്ഷാത്കാരമാണിത്.
അത്യാധുനികമായ നിർമ്മാണ രീതികളാണ് ഈ ടൗണ്‍ഷിപ്പിന്റെ പ്രത്യേകത. ഭൂകമ്ബത്തെപ്പോലും പ്രതിരോധിക്കാൻ ശേഷിയുള്ള 'ഷിയർ വാള്‍' സാങ്കേതികവിദ്യയും കരുത്തുറ്റ ആർ.സി.സി ഫ്രെയിംഡ് സ്ട്രക്ചറും ഉപയോഗിച്ചാണ് ഓരോ വീടും നിർമ്മിച്ചിരിക്കുന്നത്. സോളിഡ് ബ്ലോക്കുകള്‍ ഉപയോഗിച്ചുള്ള ദൃഢമായ ഭിത്തികളും പ്ലിംത്ത്-റൂഫ് ബീമുകളും നിർമ്മിതികള്‍ക്ക് അചഞ്ചലമായ കരുത്ത് നല്‍കുന്നു. സുരക്ഷിതവും മാന്യവുമായ ജീവിതസൗകര്യം ഉറപ്പാക്കുന്നതിനൊപ്പം അതിജീവനത്തിന്റെ ആധുനിക മാതൃക കൂടിയാണ് ഈ ടൗണ്‍ഷിപ്പ്.ചടങ്ങില്‍ പങ്കാളികളാകാൻ മുഖ്യമന്ത്രി മുഴുവൻ ജനങ്ങളെയും ക്ഷണിച്ചിരുന്നു. ഇതിന്റെ ഭാഗമായി ഇന്നലെ രാത്രി മുതല്‍ തന്നെ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും നിരവധി പേരാണ് വയനാട്ടിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്. അതിജീവിതരുടെ പുതിയ സ്വപ്നങ്ങള്‍ക്ക് ചിറകു നല്‍കുന്ന ഈ നിമിഷം കാണാൻ വലിയ ജനത്തിരക്കാണ് അനുഭവപ്പെടുന്നത്.
Post a Comment