നഴ്സുമാരുടെ സമരം: ഹൈക്കോടതിയുടെ നിര്‍ണ്ണായക ഇടപെടല്‍; ചൊവ്വാഴ്ച മധ്യസ്ഥ ചര്‍ച്ച

 


കൊച്ചി: സംസ്ഥാനത്തെ സ്വകാര്യ ആശുപത്രിയിലെ നഴ്സുമാർ നടത്തുന്ന അനിശ്ചിതകാല സമരത്തില്‍ നിർണ്ണായക ഇടപെടലുമായി ഹൈക്കോടതി.സമരം പരിഹരിക്കുന്നതിനായി മധ്യസ്ഥ ചർച്ച നടത്താൻ കോടതി നിർദേശിച്ചു. ഹൈക്കോടതി മീഡിയേഷൻ സെന്ററിന്റെ നേതൃത്വത്തില്‍ ചൊവ്വാഴ്ചയാണ് ചർച്ച നടക്കുക. മധ്യസ്ഥ ചർച്ചകള്‍ പൂർത്തിയാകുന്നത് വരെ സമരം തുടരരുതെന്ന് കോടതി കർശന നിർദേശം നല്‍കിയിട്ടുണ്ട്. കേസില്‍ മധ്യസ്ഥനെ നിയോഗിക്കാൻ ഹൈക്കോടതി മീഡിയേഷൻ സെന്ററിനെ ചുമതലപ്പെടുത്തി.

ആശുപത്രികളുടെ പ്രവർത്തനം തടസ്സപ്പെടാതിരിക്കാൻ പൊലിസ് സംരക്ഷണം ഉറപ്പാക്കാൻ സർക്കാരിന് ഹൈക്കോടതി നിർദേശം നല്‍കി. ആശുപത്രി സേവനങ്ങള്‍ മുടങ്ങുന്നില്ലെന്ന് സർക്കാർ ഉറപ്പുവരുത്തണമെന്ന് കോടതി ആവശ്യപ്പെട്ടു.

ശമ്പള പരിഷ്കരണം ആവശ്യപ്പെട്ട് നഴ്സുമാർ നടത്തുന്ന സമരം ആറാം ദിവസത്തിലേക്ക് കടന്ന സാഹചര്യത്തിലാണ് കോടതിയുടെ ഈ ഇടപെടല്‍. അത്യാഹിത വിഭാഗം ഉള്‍പ്പെടെ ബഹിഷ്കരിച്ചുള്ള സമരം രോഗീപരിചരണത്തെ സാരമായി ബാധിച്ചു തുടങ്ങിയിരുന്നു.

നഴ്സിംഗ് സംഘടനകള്‍ തങ്ങളുടെ ആവശ്യങ്ങളില്‍ ഉറച്ചുനില്‍ക്കുമ്പോള്‍, നിലവിലെ സമരം അനാവശ്യമാണെന്നാണ് മാനേജ്മെന്റുകളുടെ വാദം. കോടതി ഇടപെട്ട സാഹചര്യത്തില്‍ ചൊവ്വാഴ്ച നടക്കാനിരിക്കുന്ന മധ്യസ്ഥ ചർച്ചകള്‍ നഴ്സുമാരുടെ സമരത്തിന് ഒരു ശാശ്വത പരിഹാരമുണ്ടാക്കുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.

Post a Comment

Previous Post Next Post