ഒരു കോടി പ്രവാസികള്‍ക്ക് ആശ്വാസ പ്രഖ്യാപനം! സാഹചര്യം അനുസരിച്ച്‌ സര്‍വീസുകള്‍ ഉണ്ടാകുമെന്ന് ഇൻഡിഗോയുടെ അറിയിപ്പ്

മുബൈ: ഇറാൻ- ഇസ്രയേല്‍ സംഘർഷത്തെത്തുടർന്ന് യാത്രാ നിയന്ത്രണങ്ങളടക്കം പ്രഖ്യാപിച്ചിരുന്ന സാഹചര്യത്തില്‍ കൂടുതല്‍ സർവ്വീസുകള്‍ പ്രഖ്യാപിച്ച്‌ ഇൻഡിഗോ.മസ്ക്കറ്റ്, ജിദ്ദ, മദീന, യുഎഇ എന്നിവിടങ്ങളിലേക്ക് സാഹചര്യം അനുസരിച്ച്‌ സർവ്വീസുകള്‍ ഉണ്ടാകുമെന്ന് ഇൻഡിഗോ അറിയിച്ചു. ഇന്നലെ യുഎഇയില്‍ നിന്നും ഒമാനിലേക്ക് ബസ് സർവീസുകള്‍ ആരംഭിച്ചിരുന്നു. ഷാർജയില്‍ നിന്നും മസ്കറ്റ് വിമാനത്താവളത്തിലേക്കാണ് സർവീസ് നടത്തുന്നത്. പ്രവാസി യാത്രക്കാർക്ക് ഇനി ഒമാൻ വഴിയും നാട്ടിലെത്താമെന്ന് പ്രഖ്യാപനം പ്രവാസികള്‍ക്ക് ഏറെ ആശ്വാസമായിരുന്നു.
നിർത്തിവെച്ചിരുന്ന വിമാന സർവീസുകള്‍ ഭാഗികമായി പുനരാരംഭിക്കുന്നതായി എയർ ഇന്ത്യ എക്സ്പ്രസും പ്രഖ്യാപിച്ചിരുന്നു. കൊച്ചിയും കോഴിക്കോടുമടക്കം 6 ഇന്ത്യൻ വിമാനത്താവളങ്ങളിലേക്കടക്കമുള്ള സർവീസുകളാണ് എയർ ഇന്ത്യ എക്സ്പ്രസ് പുനരാരംഭിക്കുന്നത്. മസ്‌കറ്റില്‍ നിന്ന് കൊച്ചി, കോഴിക്കോട്, ഡല്‍ഹി, മുംബൈ, മംഗളൂരു, തിരുച്ചിറപ്പള്ളി എന്നിവിടങ്ങളിലേക്ക് നാളെ (മാർച്ച്‌ 3) മുതല്‍ സർവീസുകള്‍ നടത്തുമെന്ന് അറിയിച്ചിരുന്നു.
അതേ സമയം, പശ്ചിമേഷ്യയില്‍ അതിവേഗം പടരുന്ന സംഘർഷത്തില്‍ കടുത്ത ആശങ്ക രേഖപ്പെടുത്തി ഇന്ത്യ. യുദ്ധം കൂടുതല്‍ സ്ഥലങ്ങളിലേക്ക് വ്യാപിക്കുന്നത് ഗള്‍ഫ് മേഖലയില്‍ താമസിക്കുന്ന ലക്ഷക്കണക്കിന് ഇന്ത്യക്കാരുടെ സുരക്ഷയ്ക്ക് ഭീഷണിയാണെന്നും രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയ്ക്ക് നിർണായകമായ വ്യാപാര, ഊർജ്ജ പാതകളെ തടസ്സപ്പെടുത്തുമെന്നും ഇന്ത്യ വിശദമാക്കി. ഫെബ്രുവരി 28ന് ഇറാന് നേരെ യുഎസും ഇസ്രയേലും ആക്രമണം തുടങ്ങിയതോടെയാണ് മേഖലയില്‍ സ്ഥിതി വഷളായത്. ഇതിന് പിന്നാലെ ഇറാൻ തിരിച്ചടിക്കുകയും ചെയ്തു. ചൊവ്വാഴ്ച ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ സാഹചര്യം കൂടുതല്‍ വഷളായതായി പറയുന്നു.

Post a Comment

Previous Post Next Post