നവീൻ ബാബുവിന്റെ മരണം: പി.പി. ദിവ്യയുടെ ഫോണ്‍ രേഖകള്‍ പരിശോധിക്കണം; തുടരന്വേഷണത്തിന് കോടതി ഉത്തരവ്


കണ്ണൂർ എഡിഎം കെ. നവീൻ ബാബുവിന്റെ മരണത്തില്‍ പ്രത്യേക അന്വേഷണ സംഘം (SIT) സമർപ്പിച്ച കുറ്റപത്രത്തിലെ പിഴവുകള്‍ ചൂണ്ടിക്കാട്ടി കുടുംബം നല്‍കിയ ഹർജിയില്‍ തുടരന്വേഷണത്തിന് ഉത്തരവിട്ട് തലശ്ശേരി ജില്ലാ സെഷൻസ് കോടതി.
നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷ സമർപ്പിച്ച ഹർജിയിലാണ് കോടതിയുടെ ഈ സുപ്രധാന വിധി. സിപിഎം നേതാവും മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ പി.പി. ദിവ്യയുടെ ഫോണ്‍ രേഖകള്‍ ഉള്‍പ്പെടെയുള്ള നാല് പ്രധാന കാര്യങ്ങളില്‍ അന്വേഷണം നടത്തി റിപ്പോർട്ട് നല്‍കാൻ കോടതി നിർദ്ദേശിച്ചു.
പോലീസ് സമർപ്പിച്ച കുറ്റപത്രത്തില്‍ 13 പ്രധാന പിഴവുകളുണ്ടെന്നാണ് കുടുംബം ആരോപിച്ചത്. പി.പി. ദിവ്യയുടെ ഔദ്യോഗിക ഫോണ്‍ നമ്പറിലെ കോള്‍ വിശദാംശങ്ങളും ഡിലീറ്റ് ചെയ്ത ചാറ്റുകളും വീണ്ടെടുത്ത് പരിശോധിക്കണം, പ്രതിയുടെ ഫോണ്‍ ഫോറൻസിക് പരിശോധനയ്ക്ക് വിധേയമാക്കണം തുടങ്ങിയ ആവശ്യങ്ങളാണ് കോടതി അംഗീകരിച്ചിരിക്കുന്നത്. പ്രശാന്തനില്‍ നിന്ന് നവീൻ ബാബു കൈക്കൂലി വാങ്ങിയെന്നത് വ്യാജമായി ചമച്ച കഥയാണെന്നും ഇതില്‍ ദിവ്യയും പ്രശാന്തനും തമ്മിലുള്ള ബന്ധം ശരിയായ രീതിയില്‍ അന്വേഷിച്ചിട്ടില്ലെന്നും ഹർജിയില്‍ വാദമുണ്ടായിരുന്നു.ഭരിക്കുന്ന പാർട്ടിയുടെ പ്രമുഖ നേതാവായതിനാല്‍ പ്രതിയെ സഹായിക്കുന്ന രീതിയിലാണ് അന്വേഷണം നടന്നതെന്ന കുടുംബത്തിന്റെ ആക്ഷേപം ശരിവെക്കുന്നതാണ് കോടതിയുടെ പുതിയ ഉത്തരവ്. പി.പി. ദിവ്യയുടെയും പ്രശാന്തന്റെയും ഫോണ്‍ വിളികളും ചാറ്റുകളും എസ്.ഐ.ടി കൃത്യമായി വിശകലനം ചെയ്തിട്ടില്ലെന്ന് കോടതി നിരീക്ഷിച്ചു. തുടരന്വേഷണ റിപ്പോർട്ട് ലഭിക്കുന്നതോടെ കേസില്‍ നിർണ്ണായകമായ കൂടുതല്‍ തെളിവുകള്‍ പുറത്തുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Post a Comment

Previous Post Next Post