ഗ്യാസ് സിലിണ്ടര്‍ നല്‍കിയാല്‍ മൂന്നാര്‍ യാത്ര; പാചകവാതക ക്ഷാമം മറികടക്കാൻ വ്യത്യസ്തമായ ഓഫറുമായി ആലുവയിലെ ഹോട്ടല്‍


ഗള്‍ഫ് മേഖലയിലെ യുദ്ധപ്രതിസന്ധിയെത്തുടർന്ന് വാണിജ്യ പാചകവാതകത്തിന് കടുത്ത ക്ഷാമം നേരിടുന്നതിനിടെ, കട പൂട്ടാതിരിക്കാൻ വ്യത്യസ്തമായ ഓഫറുമായി ആലുവയിലെ ഒരു ഹോട്ടല്‍ ഉടമ.
താല്‍ക്കാലികമായി ഗ്യാസ് സിലിണ്ടറുകള്‍ എത്തിച്ചു നല്‍കുന്നവർക്ക് ഒരു ദിവസത്തെ മൂന്നാർ യാത്രയാണ് ആലുവയിലെ സാഗർ ഹോട്ടല്‍ വാഗ്ദാനം ചെയ്തിരിക്കുന്നത്. ഹോട്ടല്‍ വ്യവസായം വലിയ പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന സാഹചര്യത്തിലാണ് സിലിണ്ടറുകള്‍ സംഘടിപ്പിക്കാൻ ഇത്തരമൊരു നീക്കം.
വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള 17 മുതല്‍ 19 കിലോ വരെയുള്ള സിലിണ്ടറുകള്‍ നല്‍കുന്നവർക്കാണ് ഈ വിനോദയാത്ര ഓഫർ നല്‍കിയിരിക്കുന്നത്. നിലവില്‍ വീടുകളിലെ പാചകവാതകം ഹോട്ടലുകളില്‍ ഉപയോഗിക്കാൻ നിയമപരമായ വിലക്കുണ്ട്. കൂടാതെ, പാചകവാതക വിലവർദ്ധനവ് ചൂണ്ടിക്കാട്ടി ഭക്ഷണ ബില്ലിനൊപ്പം 'എല്‍.പി.ജി ചാർജ്' അല്ലെങ്കില്‍ 'ഗ്യാസ് സർചാർജ്' എന്നിങ്ങനെ അധിക തുക ഈടാക്കരുതെന്ന് കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റി ഇന്ന് കർശന നിർദ്ദേശം നല്‍കിയിരുന്നു. ഇതോടെ വരുമാനത്തില്‍ കുറവുണ്ടാകാതെ സ്ഥാപനം മുന്നോട്ട് കൊണ്ടുപോകാനാണ് ഉടമയുടെ ശ്രമം.അസം സ്വദേശികളായ ജീവനക്കാർ വോട്ട് ചെയ്യാൻ നാട്ടിലേക്ക് പോയതോടെ പല ഹോട്ടലുകളും നിലവില്‍ അടച്ചിട്ടിരിക്കുകയാണ്. ഇത്തരം ഹോട്ടലുകളിലെ സിലിണ്ടറുകള്‍ മറ്റ് ഹോട്ടലുകള്‍ക്ക് ഉയർന്ന വിലയ്ക്ക് നല്‍കാൻ പലരും തയ്യാറാകുന്നുണ്ട്. ഈ സാഹചര്യം കൂടി കണക്കിലെടുത്താണ് സിലിണ്ടറുകള്‍ എത്തിക്കുന്നവർക്ക് ആകർഷകമായ ഓഫറുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. പാചകവാതക ക്ഷാമം മൂലം കേരളത്തിലെ പല ഹോട്ടലുകളും പ്രവർത്തനസമയം വെട്ടിക്കുറയ്ക്കുകയോ താല്‍ക്കാലികമായി അടച്ചിടുകയോ ചെയ്യുന്നതിനിടയിലാണ് ആലുവയിലെ ഈ വേറിട്ട പരീക്ഷണം.

Post a Comment

Previous Post Next Post