കളിക്കുന്നതിനിടെ മകൻ കിണറ്റില്‍ വീണു; രക്ഷിക്കാനിറങ്ങിയ പിതാവിന് ദാരുണാന്ത്യം



വടക്കാഞ്ചേരി: കിണറ്റില്‍ വീണ മൂന്നുവയസുകാരനെ രക്ഷിക്കാനിറങ്ങിയ അച്ഛന് ദാരുണാന്ത്യം. വാരിയത്ത് വീട്ടിലെ വിഷ്ണുവാണ്.മൂന്ന് വയസുള്ള മകൻ അരുഷ് കിണറ്റില്‍ വീണത് അറിഞ്ഞ് രക്ഷിക്കാനിറങ്ങിയതായിരുന്നു.
ഇന്നലെ വൈകീട്ട് ഏഴുമണിയോടെയാണ് അപകടം നടന്നത്. വീടിന് സമീപം കളിച്ചുകൊണ്ടിരുന്ന അരുഷ് ആള്‍മറയില്ലാത്ത കിണറ്റിലേക്ക് അബദ്ധത്തില്‍ വീഴുകയായിരുന്നു. കുട്ടിയുടെ കരച്ചില്‍ കേട്ട് വിഷ്ണു ഉടൻതന്നെ കിണറ്റിലേക്ക് ചാടി. ബഹളം കേട്ടെത്തിയ അയല്‍വാസി വൈശാഖ് ഉടൻ കിണറ്റിലിറങ്ങി കുട്ടിയെ സുരക്ഷിതമായി കരയ്ക്കെത്തിച്ചു.സ്ഥലത്തെത്തിയ അഗ്നിരക്ഷാസേന കുട്ടി സുരക്ഷിതനാണെന്ന് കണ്ട് മടങ്ങാൻ ഒരുങ്ങുമ്പോഴാണ് വിഷ്ണുവിനെ കാണാനില്ലെന്ന വിവരം വീട്ടുകാർ ശ്രദ്ധിക്കുന്നത്. വിഷ്ണുവും കിണറ്റില്‍ ചാടിയിട്ടുണ്ടാകാമെന്ന സംശയത്തെത്തുടർന്ന് സേനാംഗങ്ങള്‍ വീണ്ടും കിണറ്റിലിറങ്ങി തിരച്ചില്‍ നടത്തി. കിണറിന്റെ അടിത്തട്ടിലെ ചേറില്‍ കുടുങ്ങിയ നിലയിലായിരുന്നു വിഷ്ണു.

Post a Comment

Previous Post Next Post