വാഷിംഗ് മെഷീൻ ഉണ്ടെന്ന് കരുതി എന്തും അതിലിടല്ലേ; സൂക്ഷിച്ചില്ലെങ്കില്‍ പണികിട്ടും

കൈ തിരുമ്മി അലക്കുക എന്നത് പലർക്കും തലവേദന പിടിച്ച പണിയാണ്. അതുകൊണ്ട് എളുപ്പത്തിന് വേണ്ടി കൈയില്‍ കിട്ടുന്നതെല്ലാം വാഷിംഗ് മെഷീനിലേക്ക് വാരിയിടുന്നതാണ് ചിലരുടെ പതിവ്.എന്നാല്‍ നിങ്ങള്‍ അറിയാതെ ചെയ്യുന്ന പല കാര്യങ്ങളും വസ്ത്രങ്ങള്‍ നശിക്കുക മാത്രമല്ല ചിലപ്പോള്‍ മെഷീന്റെ ആയുസ് കുറയ്‌ക്കുകയും ചെയ്യും. പ്രമുഖ കണ്‍സ്യൂമർ ഗ്രൂപ്പായ 'വിച്ച്‌' (WHICH) പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം വാഷിംഗ് മെഷീനില്‍ ഒരിക്കലും ഇടാൻ പാടില്ലാത്ത ചില സാധനങ്ങള്‍ ഏതൊക്കെയാണെന്ന് പരിശോധിക്കാം.
ഇവ മെഷീനില്‍ ഇടുന്നത് ഒഴിവാക്കാം;
അലങ്കാരപ്പണികളുള്ള വസ്ത്രങ്ങള്‍ മെഷീനില്‍ ഇടരുത്. അവ മെഷീനിലിട്ടാല്‍ പശ ഇളകിപ്പോകാനും അലങ്കാര പണികള്‍ നഷ്ടപ്പെടാനും സാധ്യതയുണ്ട്. കൂടാതെ മെഷീൻ കറങ്ങുമ്പോള്‍ ഇതില്‍ ഘടിപ്പിച്ചിരിക്കുന്ന മുത്തുകള്‍ പോലെയുള്ള അലങ്കാര വസ്തുക്കള്‍ മെഷീനില്‍ പോറലുണ്ടാക്കുകയും ചെയ്യും. കോട്ടണ്‍ സ്യൂട്ടുകളും ടൈകളും പോലെയുള്ളവ മെഷീനിലിട്ടാല്‍ അവ ചുരുങ്ങിപ്പോകാൻ സാധ്യതയുണ്ട്. അവയുടെ മനോഹമായ ആകൃതി ചിലപ്പോള്‍ ഇങ്ങനെ നനച്ചാല്‍ നശിച്ചുപോകും. ചില‌ർ തലയണകളും തുണിയും പഞ്ഞിയും കൊണ്ടുള്ള കളിപ്പാട്ടങ്ങള്‍ വാഷിംഗ് മെഷീനിലിട്ട് നനയ്ക്കാറുണ്ട്. ബ്രാൻഡഡ് കളിപ്പാട്ടങ്ങള്‍ കൈകൊണ്ട് കഴുകുന്നതായിരിക്കും സുരക്ഷിതം. തലയണകള്‍ മെഷീനിലിട്ടു കഴുകിയാല്‍ അത് കീറിപ്പോകും.
ലെതർ, വെല്‍വെറ്റ്, സ്യൂഡ്, റയോണ്‍ എന്നിവ കൊണ്ടുള്ള പ്രത്യേക തുണിത്തരങ്ങള്‍ ഡ്രൈ ക്ലീൻ ചെയ്യാൻ മാത്രം നല്‍കുക. തീപിടിക്കാതിരിക്കാൻ പ്രത്യേക മരുന്ന് പുരട്ടിയ തരം യൂണിഫോം വസ്ത്രങ്ങള്‍ മെഷീനിലിട്ട് കഴുകരുത്. അങ്ങനെ ചെയ്താല്‍ അവയുടെ സുരക്ഷാ കവചം ഇല്ലാതായേക്കും. മെഷീനിലേക്ക് തുണിയിടുമ്പോള്‍ നിങ്ങളുടെ വസ്ത്രത്തിന്റെ പോക്കറ്റുകള്‍ പ്രത്യേകം പരിശോധിക്കണം. നാണയം, താക്കോല്‍, ആഭരണങ്ങള്‍ എന്നിവ ഇല്ലെന്ന് ഉറപ്പുവരുത്തുക. മെഷീനിലെ ഡ്രെയിനേജ് സിസ്റ്റം ബ്ലോക്ക് ആക്കാനും മെഷീന്റെ ഗ്ലാസ് തകർക്കാനും ഇത് കാരണമാകും.

Post a Comment

Previous Post Next Post