ജസ്‌ലിയയുടെ മരണം; പ്രതിയായ ഡോ. സിറിയക്കിനായി ലുക്ക് ഔട്ട് സര്‍ക്കുലര്‍ ഇറക്കാൻ പോലീസ്


അങ്കമാലി മോർണിങ് സ്റ്റാർ കോളേജിലെ വിദ്യാർത്ഥിനി ജസ്‌ലിയ കാറിടിച്ചു മരിച്ച സംഭവത്തില്‍ പ്രതിയായ ഡോ. സിറിയക്ക് ജോർജിനെ കണ്ടെത്താൻ പോലീസ് ലുക്ക് ഔട്ട് സർക്കുലർ പുറത്തിറക്കുന്നു.ഒളിവില്‍ കഴിയുന്ന പ്രതി വിദേശത്തേക്ക് കടക്കാൻ സാധ്യതയുണ്ടെന്ന നിഗമനത്തിലാണ് പോലീസ് ഈ നീക്കം നടത്തുന്നത്. ഫെബ്രുവരി 28-ന് പാർട്ട് ടൈം ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന ജസ്‌ലിയയെ സിറിയക്ക് ഓടിച്ച കാർ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. അപകടത്തിന് ശേഷം വാഹനം നിർത്താതെ പോയത് വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.
ചാലാക്ക മെഡിക്കല്‍ കോളേജില്‍ ഹൗസ് സർജൻസി ചെയ്യുന്ന കോട്ടയം അതിരമ്പുഴ സ്വദേശിയായ സിറിയക്കിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് പോലീസ് കേസെടുത്തിരിക്കുന്നത്. അപകടസമയത്ത് കാറിലുണ്ടായിരുന്ന സഹപാഠി അക്ഷയ് ബുധനാഴ്ച അങ്കമാലി സ്റ്റേഷനിലെത്തി മൊഴി നല്‍കിയിരുന്നു. പ്രതിയെ പിടികൂടുന്നതില്‍ ആദ്യഘട്ടത്തില്‍ പോലീസിന് വീഴ്ച പറ്റിയെന്ന ആരോപണം ഉയർന്നിരുന്നെങ്കിലും നിലവില്‍ അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. അപകടമുണ്ടാക്കിയ വാഹനവും പോലീസ് കസ്റ്റഡിയിലെടുത്തു.
രണ്ടാം വർഷ ബി.കോം വിദ്യാർത്ഥിനിയായിരുന്ന ജസ്‌ലിയ സ്പോർട്സിലും മികവ് പുലർത്തിയിരുന്നു. ചൊവ്വാഴ്ച രാവിലെ ചികിത്സയിലിരിക്കെയാണ് ജസ്‌ലിയ മരണത്തിന് കീഴടങ്ങിയത്. വേർപാടിലും മാതൃകയായി ജസ്‌ലിയയുടെ അവയവങ്ങള്‍ ദാനം ചെയ്യാൻ കുടുംബം തീരുമാനിച്ചിരുന്നു.

Post a Comment

Previous Post Next Post