തിരുവനന്തപുരം: കൊടുംവേനലിനിടെ ആശ്വാസമായി സംസ്ഥാനത്ത് മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്. അടുത്ത ചൊവ്വാഴ്ച വരെ വിവിധയിടങ്ങളില്‍ നേരിയ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ എല്ലാ ജില്ലകളിലും ഗ്രീൻ അലർട്ട് പ്രവചിച്ചിട്ടുണ്ട്.മാർച്ച് 27, 30 തീയതികളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും 28, 29 തീയതികളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റർ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. കൂടാതെ, ഇന്ന് കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് തടസമില്ലെന്നും അറിയിച്ചിട്ടുണ്ട്.
അതേസമയം, സംസ്ഥാനത്ത് അപകടകരമായി അള്‍ട്രാവയലറ്റ് സൂചികയും ഉയരുന്നുണ്ട്. കൊട്ടാരക്കര, കോന്നി, ചെങ്ങന്നൂർ, മൂന്നാർ, തൃത്താല എന്നിവിടങ്ങളില്‍ സൂചിക എട്ടായതിനാല്‍ ഓറഞ്ച് അലർട്ടാണ് നല്‍കിയിട്ടുള്ളത്. കളമശ്ശേരി, ഒല്ലൂർ, പൊന്നാനി, മാനന്തവാടി എന്നിവിടങ്ങളില്‍ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. വിളപ്പില്‍ശാല, ധർമ്മടം, ഉദുമ എന്നിവടങ്ങളില്‍ മാത്രമാണ് സൂചിക 5ല്‍ നില്‍ക്കുന്നത്.
കൊല്ലം, കോട്ടയം, പാലക്കാട് ജില്ലകളില്‍ ഉയർന്ന താപനില 38 °C വരെയും പത്തനംതിട്ട, ആലപ്പുഴ, തൃശൂർ, എറണാകുളം, കോഴിക്കോട്, കണ്ണൂർ ജില്ലകളില്‍ ഉയർന്ന താപനില 37°C വരെയും തിരുവനന്തപുരം, മലപ്പുറം, കാസർഗോഡ് ജില്ലകളില്‍ ഉയർന്ന താപനില 36°C വരെയും ഉയരാനും സാധ്യതയുണ്ട്. ചൂട് വർധിച്ചു വരുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിക്കുന്ന ജാഗ്രത നിർദേശങ്ങളും പുറപ്പെടുവിച്ചു.
Post a Comment