'ഇ-പാൻ കാര്‍ഡ്' ഡൗണ്‍ലോഡ് ലിങ്ക് ലഭിച്ചോ? ജാഗ്രത! വമ്ബൻ സൈബര്‍ തട്ടിപ്പുമായി സംഘങ്ങള്‍ സജീവം


ഇ-പാൻ കാർഡ് ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് എന്ന പേരില്‍ പ്രചരിക്കുന്ന ഇമെയിലുകള്‍ക്കെതിരെ കർശനമായ മുന്നറിയിപ്പുമായി കേന്ദ്ര സർക്കാർ.ആദായനികുതി വകുപ്പിന്റെ ഔദ്യോഗിക സന്ദേശമെന്ന വ്യാജേന ലഭിക്കുന്ന ഇത്തരം ലിങ്കുകളില്‍ ക്ലിക്ക് ചെയ്യരുതെന്ന് പ്രസ് ഇൻഫർമേഷൻ ബ്യൂറോയുടെ (പി.ഐ.ബി) ഫാക്‌ട് ചെക്ക് വിഭാഗം വ്യക്തമാക്കി. ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങളും ബാങ്ക് അക്കൗണ്ട് വിശദാംശങ്ങളും ചോർത്തുന്നതിനായി സൈബർ തട്ടിപ്പുകാർ നടത്തുന്ന വിപുലമായ ശ്രമമാണിതെന്ന് അധികൃതർ ചൂണ്ടിക്കാട്ടുന്നു.
ആദായനികുതി വകുപ്പിന്റേതിന് സമാനമായ ലോഗോയും ഫോർമാറ്റും ഉപയോഗിച്ചാണ് ഇത്തരം ഇമെയിലുകള്‍ വരുന്നത്. സന്ദേശത്തിനൊപ്പമുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ ബാങ്ക് പാസ്‌വേഡുകള്‍, പിൻ നമ്ബറുകള്‍ എന്നിവയുള്‍പ്പെടെയുള്ള സാമ്ബത്തിക വിവരങ്ങള്‍ തട്ടിപ്പുകാർക്ക് ലഭ്യമാകും. ആദായനികുതി വകുപ്പ് ഒരിക്കലും ഉപഭോക്താക്കളോട് ഇത്തരം വിവരങ്ങള്‍ ഇമെയില്‍ വഴിയോ ലിങ്കുകള്‍ വഴിയോ ആവശ്യപ്പെടില്ലെന്ന് പി.ഐ.ബി മുന്നറിയിപ്പില്‍ പറയുന്നു. അജ്ഞാത സന്ദേശങ്ങളിലെ അറ്റാച്ച്‌മെന്റുകള്‍ തുറക്കുന്നതും ലിങ്കുകള്‍ ബ്രൗസറില്‍ പേസ്റ്റ് ചെയ്യുന്നതും അപകടമുണ്ടാക്കാം.
വ്യാജ ഇമെയിലുകള്‍ ലഭിക്കുന്നവർ അതിനോട് പ്രതികരിക്കാതെ ഉടൻ തന്നെ ഔദ്യോഗികമായി റിപ്പോർട്ട് ചെയ്യേണ്ടതാണ്. ലഭിച്ച സന്ദേശം webmanager@incometax.gov.in എന്ന വിലാസത്തിലേക്കോ incident@cert-in.org.in എന്ന വിലാസത്തിലേക്കോ ഫോർവേഡ് ചെയ്യാം. അയച്ചയാളെ കണ്ടെത്താൻ സഹായിക്കുന്ന 'ഇന്റർനെറ്റ് ഹെഡർ' വിവരങ്ങള്‍ സഹിതം റിപ്പോർട്ട് ചെയ്യുന്നത് കൂടുതല്‍ ഫലപ്രദമാകും. റിപ്പോർട്ട് ചെയ്ത ശേഷം ഇത്തരം ഇമെയിലുകള്‍ ഉടൻ തന്നെ നീക്കം ചെയ്യണമെന്നും സിസ്റ്റങ്ങളില്‍ അപ്‌ഡേറ്റ് ചെയ്ത ആന്റി വൈറസ് സോഫ്റ്റ്‌വെയറുകള്‍ ഉപയോഗിക്കണമെന്നും അധികൃതർ നിർദ്ദേശിച്ചു.

Post a Comment

Previous Post Next Post