ആലക്കോട്: യുവാവിനെ വീട്ടിൽ അതിക്രമിച്ച് കയറി വാക്കത്തി കൊണ്ട് വെട്ടിക്കൊല്ലാൻ ശ്രമിച്ച പരാതിയിൽ അയൽവാസിയായ മധ്യവയസ്കനെ പോലീസ് അറസ്റ്റ് ചെയ്തു. പാത്തൻപാറ കരാമരംതട്ടിലെ മൂലേക്കാട്ടിൽ റോയി സെബാസ്റ്റ്യനെ (52) ആണ് ആലക്കോട് പോലീസ് പിടികൂടിയത്. കരാമരംതട്ടിലെ കണ്ണാവീട്ടിൽ കെ. കെ. ഷിജു (43) നൽകിയ പരാതിയിലാണ് നടപടി.
കഴിഞ്ഞ ദിവസം രാത്രി ഒമ്പത് മണിയോടെയായിരുന്നു സംഭവം. പ്രതിയായ റോയി ഷിജുവിന്റെ ഭാര്യയെക്കുറിച്ച് മോശമായി സംസാരിച്ചത് ഷിജു ചോദ്യം ചെയ്തിരുന്നു. ഇതിലുള്ള വിരോധമാണ് അക്രമത്തിൽ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു.
സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത്:
വാക്കത്തിയുമായി ഷിജുവിന്റെ വീട്ടിൽ അതിക്രമിച്ച് കയറിയ റോയി, കട്ടിലിൽ കിടക്കുകയായിരുന്ന ഷിജുവിനെ വധിക്കാൻ ശ്രമിക്കുകയായിരുന്നു. ആക്രമണത്തിൽ ഷിജുവിന്റെ ഇടതുകാലിനും തലയിൽ വലതുചെവിയുടെ ഭാഗത്തുമായി വെട്ടേറ്റു. വെട്ടേൽക്കുന്ന സമയത്ത് ഒഴിഞ്ഞുമാറിയതിനാലാണ് ജീവൻ രക്ഷപ്പെട്ടതെന്ന് ഷിജു പോലീസിന് നൽകിയ മൊഴിയിൽ പറയുന്നു. ആലക്കോട് എസ്.എച്ച്.ഒ കെ. രാജീവൻ്റെ നിർദേശപ്രകാരം എസ്.ഐ. ജി. പ്രവീണാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. കോടതി നടപടി: അറസ്റ്റിലായ റോയിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.പരിക്കേറ്റ ഷിജു ആശുപത്രിയിൽ ചികിത്സ തേടിയിട്ടുണ്ട്.
Post a Comment