പയ്യന്നൂര്‍ റെയില്‍വേ സ്റ്റേഷനില്‍ കോച്ച്‌ റസ്റ്റോറന്റ്


പയ്യന്നൂർ: അമൃത് ഭാരത് പദ്ധതി പ്രകാരം 32 കോടി രൂപയുടെ വികസന പ്രവർത്തനങ്ങള്‍ നടന്നുവരുന്ന പയ്യന്നൂർ റെയില്‍വേ സ്റ്റേഷനില്‍ ഒരുക്കുന്ന കോച്ച്‌ റസ്റ്റാറന്റിനുള്ള ബോഗി, സ്റ്റേഷൻ മുറ്റത്ത് ഇതിന് മാത്രമായി സ്ഥാപിച്ച ട്രാക്കില്‍ എത്തിച്ചു.കേരളത്തിലെ റെയില്‍വേ സ്റ്റേഷനുകളില്‍ ആദ്യമായാണ് കോച്ച്‌ റസ്റ്റോറന്റ് ഒരുക്കുന്നത്
സ്റ്റേഷന്റെ പടിഞ്ഞാറ് ഭാഗത്തെ പ്രധാന കവാടത്തിന് മുൻവശം രാമന്തളി ഭാഗത്തേക്കുള്ള ബസ്സുകള്‍ നിർത്തുന്ന ബസ് ബേക്ക് മുന്നിലാണ് റസ്റ്റോറന്റ് പ്രവർത്തിക്കുക. റസ്റ്റോറന്റിന് ആവശ്യമായ എ.സി കോച്ച്‌ മംഗലാപുരത്ത് നിന്ന് ഏതാനും ദിവസം മുമ്പ് പയ്യന്നൂരില്‍ എത്തിച്ചിരുന്നു. കോച്ച്‌ റോഡ് മാർഗ്ഗം സ്റ്റേഷന് മുൻവശം എത്തിക്കാനുള്ള ശ്രമം ഇന്നലെ രാവിലെയാണ് ആരംഭിച്ചത്.
സ്റ്റേഷന് മുൻവശം ട്രാക്കില്‍ നിർത്തിയിട്ടിരുന്ന കോച്ച്‌ ഒളവറ റെയില്‍വേ ലെവല്‍ ക്രോസിംഗിനടുത്ത് എത്തിച്ച്‌ അവിടെ നിന്ന് ക്രെയിൻ ഉപയോഗിച്ച്‌ ട്രെയിലറില്‍ കയറ്റി റോഡ് മാർഗ്ഗം എത്തിച്ചാണ് സ്റ്റേഷൻ മുറ്റത്ത് സ്ഥാപിച്ച ട്രാക്കില്‍ കയറ്റി വെച്ചത്.
കോച്ച്‌ റസ്റ്റോന്റ് നടത്തുവാൻ ടെൻഡർ എടുത്ത കരാറുകാരന്റെ ഉത്തരവാദിത്വത്തില്‍ കുപ്പം ഖലാസിമാരുടെ 50, 70 ടണ്‍ വീതമുള്ള രണ്ട് ക്രെയിനുകള്‍ എത്തിച്ചാണ് 50 ടണ്ണിലധികം ഭാരമുള്ള കോച്ച്‌ ട്രാക്കില്‍ നിന്നും ട്രെയിലറിലേക്ക് മാറ്റിയത്. കോച്ച്‌ സ്റ്റേഷൻ മുറ്റത്ത് ഇതിനായി നിർമ്മിച്ച ട്രാക്കിലെത്തിക്കുവാൻ എട്ട് ലക്ഷത്തോളം രൂപ ചെലവ് വരുമെന്നാണ് അറിയുന്നത്.

Post a Comment

Previous Post Next Post