ഇറാന്‍ വഴിയൊരുക്കി, ഇന്ത്യക്ക് ആശ്വാസം: 40,000 മെട്രിക്‌ ടണ്‍ പാചകവാതകവുമായി കപ്പല്‍ ഇന്ത്യയിലേക്ക്


പശ്ചിമേഷ്യയിലെ യുദ്ധ സാഹചര്യത്തെതുടര്‍ന്ന് ഇന്ത്യയില്‍ നിലനില്‍ക്കുന്ന രൂക്ഷമായ പാചകവാതക ക്ഷാമത്തിന് ആശ്വാസമേകുന്ന നടപടിയുമായി ഇറാന്‍.ഹോര്‍മുസ് കടലിടുക്ക് വഴി ഇന്ത്യന്‍ കപ്പലുകള്‍ക്ക് സുരക്ഷിതമായി കടന്നുപോകാന്‍ ഇറാന്‍ അനുമതി നല്‍കി. ഇതേത്തുടര്‍ന്ന്, 40,000 മെട്രിക് ടണ്‍ എല്‍പിജിയുമായി 'ശിവാലിക്' എന്ന കപ്പല്‍ ഇന്ത്യയിലേക്ക് പുറപ്പെട്ടു. ഇറാനിലെ ബന്ദര്‍ അബ്ബാസ് തുറമുഖത്തുനിന്ന് യാത്ര തിരിച്ച കപ്പല്‍ ഏതാനും മണിക്കൂറുകള്‍ക്ക് മുന്‍പ് ഹോര്‍മുസ് കടലിടുക്ക് കടന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഏകദേശം ഏഴ് ദിവസത്തിനുള്ളില്‍ ഈ കപ്പല്‍ ഇന്ത്യന്‍ തീരത്തെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിന് പിന്നാലെ മറ്റൊരു കപ്പല്‍ കൂടി വരും ദിവസങ്ങളില്‍ സമാനമായ രീതിയില്‍ ഇന്ത്യയിലേക്ക് തിരിക്കും.
പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇറാന്‍ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാനും തമ്മില്‍ കഴിഞ്ഞ വ്യാഴാഴ്ച ഫോണിലൂടെ നടത്തിയ നിര്‍ണായക ചര്‍ച്ചകള്‍ക്ക് ശേഷമാണ് ഈ സുപ്രധാന തീരുമാനം ഉണ്ടായത്. ഫെബ്രുവരി 28-ന് ഇസ്രായേലും അമേരിക്കയും ഇറാനെതിരെ ആരംഭിച്ച ആക്രമണങ്ങളെത്തുടര്‍ന്ന് ഹോര്‍മുസ് കടലിടുക്കില്‍ ഇറാന്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. ഇതേത്തുടര്‍ന്ന് ലോകമെമ്പാടും ഇന്ധനവില ഉയരുകയും ഇന്ത്യയില്‍ പാചകവാതക ക്ഷാമം അനുഭവപ്പെടുകയും ചെയ്തിരുന്നു. ഇപ്പോള്‍ യാത്ര തിരിച്ച ശിവാലിക് കപ്പലിന് ഇന്ത്യന്‍ നാവികസേനയാണ് സുരക്ഷാ അകമ്പടി സേവിക്കുന്നത്. സംഘര്‍ഷ മേഖലയിലൂടെയുള്ള യാത്രയായതിനാല്‍ അതീവ ജാഗ്രതയോടെയാണ് കപ്പല്‍ നീങ്ങുന്നത്.ഇന്ത്യ ഇറാന്റെ അടുത്ത സുഹൃത്താണെന്നും ഇരു രാജ്യങ്ങളും തമ്മില്‍ മേഖലയില്‍ പൊതുവായ താല്‍പ്പര്യങ്ങളുണ്ടെന്നും ഡല്‍ഹിയില്‍ മാധ്യമങ്ങളോട് സംസാരിക്കവെ ഇന്ത്യയിലെ ഇറാന്‍ അംബാസഡര്‍ മുഹമ്മദ് ഫതാലി വ്യക്തമാക്കി. ഹോര്‍മുസ് കടലിടുക്ക് പൂര്‍ണമായും അടച്ചിട്ടില്ലെന്നും ചില കപ്പലുകള്‍ ഇപ്പോഴും കടന്നുപോകുന്നുണ്ടെന്നും ഇറാന്‍ പരമോന്നത നേതാവിന്റെ പ്രതിനിധി അബ്ദുള്‍ മാജീദ് ഹക്കീം ഇലാഹിയും വ്യക്തമാക്കി. യുദ്ധസാഹചര്യം കാരണം കപ്പല്‍ ഗതാഗതം ദുഷ്‌കരമാണെങ്കിലും ഇന്ത്യയുമായുള്ള സൗഹൃദം കണക്കിലെടുത്ത് സുരക്ഷിതമായ പാത ഒരുക്കുകയായിരുന്നുവെന്ന് ഇറാന്‍ വ്യക്തമാക്കിയിട്ടുണ്ട്. ഈ കപ്പലുകള്‍ ഇന്ത്യയിലെത്തുന്നതോടെ നിലവില്‍ നഗരങ്ങളില്‍ ഉള്‍പ്പെടെ അനുഭവപ്പെടുന്ന പാചകവാതക പ്രതിസന്ധിക്ക് വലിയൊരളവില്‍ ശമനമുണ്ടാകുമെന്നാണ് കരുതുന്നത്.
അതേസമയം, പശ്ചിമേഷ്യയില്‍ യുദ്ധം രണ്ടാഴ്ച പിന്നിടുമ്പോഴും ഉടനെയൊന്നും അയവുണ്ടാകില്ലെന്ന സൂചനകളാണ് പുറത്തുവരുന്നത്. എങ്കിലും ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള ഇന്ത്യന്‍ കപ്പലുകളുടെ സഞ്ചാരത്തിന് തടസമുണ്ടാകില്ലെന്നാണ് ഇറാന്റെ ഉറപ്പ്. ഇറാന്‍ ഒരിക്കലും ഈ പാത തടയാന്‍ ആഗ്രഹിച്ചിരുന്നില്ലെന്നും, സമാധാനപരമായ ചര്‍ച്ചകള്‍ നടക്കവെ അമേരിക്കയും ഇസ്രായേലും ചേര്‍ന്ന് ഇറാനെ ആക്രമിക്കുകയായിരുന്നുവെന്നും അബ്ദുള്‍ മാജീദ് ഹക്കീം ഇലാഹി ആരോപിച്ചു. ലോകനേതാക്കള്‍ ഒന്നിച്ച്‌ അമേരിക്കന്‍ പ്രസിഡന്റിന് മേല്‍ സമ്മര്‍ദം ചെലുത്തി ഈ അന്യായമായ യുദ്ധം അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തങ്ങളുടെ മണ്ണിനും അന്തസിനും വേണ്ടി ഏതറ്റം വരെയും പോരാടാന്‍ ഇറാന്‍ തയാറാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Post a Comment

Previous Post Next Post