കേരളം ചുട്ടുപൊള്ളുന്നു; 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; ജാഗ്രതാ നിര്‍ദ്ദേശവുമായി കാലാവസ്ഥാ വകുപ്പ്


തിരുവനന്തപുരം: സംസ്ഥാനത്ത് വേനല്‍ചൂട് അസഹനീയമായി തുടരുന്ന പശ്ചാത്തലത്തില്‍ 11 ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.വരും ദിവസങ്ങളില്‍ താപനില ഇനിയും വർദ്ധിക്കുമെന്നാണ് സൂചന. സാധാരണ ലഭിക്കുന്നതിനേക്കാള്‍ 2 മുതല്‍ 4 ഡിഗ്രി സെല്‍ഷ്യസ് വരെ അധികം ചൂട് അനുഭവപ്പെടാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.
കൊല്ലം, പത്തനംതിട്ട, കോട്ടയം, പാലക്കാട് ജില്ലകളില്‍ താപനില 37 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയർന്നേക്കാം. ഇതിനോടകം തന്നെ പാലക്കാട് ജില്ലയില്‍ 38 ഡിഗ്രി സെല്‍ഷ്യസും പുനലൂരില്‍ 37.2 ഡിഗ്രി സെല്‍ഷ്യസും ചൂട് രേഖപ്പെടുത്തിക്കഴിഞ്ഞു. ഇവ കൂടാതെ ആലപ്പുഴ, എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളില്‍ താപനില 36 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാൻ സാധ്യതയുണ്ട്.
ചൂട് വർദ്ധിക്കുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു. രാവിലെ 11 മണി മുതല്‍ ഉച്ചയ്ക്ക് 3 മണി വരെയുള്ള സമയത്ത് സൂര്യപ്രകാശം നേരിട്ട് ശരീരത്തില്‍ ഏല്‍ക്കുന്നത് പരമാവധി ഒഴിവാക്കണം. നിർജ്ജലീകരണം തടയാനായി ദാഹം തോന്നിയില്ലെങ്കില്‍ പോലും ധാരാളം വെള്ളം കുടിക്കണമെന്നും ആരോഗ്യവകുപ്പ് ഓർമ്മിപ്പിക്കുന്നു.

Post a Comment

Previous Post Next Post