തളിപ്പറമ്പ് : പറശിനിക്കടവിലെ ലോഡ്ജില് സ്ത്രീയെ മരിച്ച നിലയില് കണ്ടെത്തിയ സംഭവം കൊലപാതകം. കണ്ണപുരം സ്വദേശിനി കെ.വി സീമയെ (50) ഷാള് കഴുത്തില് മുറുക്കി കൊലപ്പെടുത്തിയതാണെന്നാണ് പ്രാഥമിക പോസ്റ്റ്മോര്ട്ടത്തില് പറയുന്നത്.
സീമയുടെ മരണത്തിന് പിന്നാലെ ആണ്സുഹൃത്ത് വിജയനെ (47) തൂങ്ങിമരിച്ച നിലയില് കണ്ടെത്തിയിരുന്നു. പറശിനിക്കടവ് സമ്മര്ലാന്ഡ് ഇന് ലോഡ്ജിലെ 601ാം നമ്പര് മുറിയിലാണ് സീമയെ മരിച്ച നിലയില് കണ്ടെത്തിയത്. ബുധനാഴ്ച ഉച്ചയോടെയാണ് സീമയും അയല്വാസിയായ വിജയനും ലോഡ്ജില് മുറിയെടുത്തത്. വൈകിട്ടോടെ മുറി പുറത്തുനിന്ന് പൂട്ടി വിജയന് കടന്നുകളയുകയായിരുന്നു. ഏറെസമയം കഴിഞ്ഞിട്ടും വിജയന് തിരിച്ചെത്താതിരുന്നതോടെ ലോഡ്ജ് അധികൃതര് നടത്തിയ പരിശോധനയില് സീമയെ മരിച്ച നിലയില് കണ്ടെത്തിയതിനെ തുടര്ന്ന് പൊലിസില് വിവരം അറിയിക്കുകയായിരുന്നു.
വിജയനായി പൊലിസ് തിരച്ചില് ഊര്ജിതമാക്കിയെങ്കിലും മൊബൈല് ഫോണ് സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു. തുടര്ന്ന് ഇന്നലെ രാവിലെ വിജയനെ മാട്ടൂലില് തൂങ്ങിമരിച്ച നിലയില് കണ്ടെത്തി. ഇരുവരും തമ്മിലുണ്ടായിരുന്ന സാമ്പത്തിക ഇടപാടുകളെ ചൊല്ലിയുള്ള തര്ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് സൂചന.
Post a Comment