ഭാര്യ മോഷണക്കേസില്‍ പിടിയിലായതിന്റെ മനോവിഷമത്തില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവ് മരിച്ചു


കൊല്ലം:ഭാര്യ മോഷണ കേസില്‍ റിമാൻഡിലായ മനോവിഷമത്തില്‍ തീ കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചയാള്‍ മരിച്ചു.പടിഞ്ഞാറ്റിൻകര റഫീക്ക് മൻസിലില്‍ റഫീഖ് (41)ആണ് മരിച്ചത്. ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. ഈ കഴിഞ്ഞ പതിനാറാം തീയതിയാണ് അഞ്ചലിലെ സ്വകാര്യ ബസ്സില്‍ വച്ച്‌ കുട്ടിയുടെ സ്വർണ്ണകൊലുസ് മോഷ്ടിച്ച കേസില്‍ റഫീക്കിന്റെ ഭാര്യ സബീന പൊലീസിന്റെ പിടിയിലായത്.
ചോദ്യം ചെയ്യുന്നതിനിടയില്‍ സ്വർണ്ണ കൊലുസ് സബീനയില്‍ നിന്നും കണ്ടെടുക്കുകയും ചെയ്തു. ഇതോടെ അറസ്റ്റ് രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്യുകയായിരുന്നു. ഇതിന്റെ അപമാന ഭാരത്താല്‍ കടുത്ത മാനസിക പ്രയാസത്തിലായിരുന്നു റഫീക്ക്.
മകനെ ഭാര്യവീട്ടില്‍ കൊണ്ടാക്കിയശേഷമായിരുന്നു ദേഹത്ത് പെട്രോള്‍ ഒഴിച്ച്‌ തീ കൊളുത്തിയത്. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് പൊലീസും ഫയർഫോഴ്സും എത്തി നാട്ടുകാരും ചേർന്നാണ് തീയണച്ചത്. 50 ശതമാനത്തിലേറെ പൊള്ളലേറ്റ റെഫീഖിനെ അഞ്ചലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശേഷം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കു മാറ്റിയിരുന്നു.
ചികിത്സയ്ക്കിടെ വൈകുന്നേരത്തോടെയാണ് മരിച്ചത്. രണ്ട് വർഷങ്ങള്‍ക്ക് മുമ്പും ഇയാള്‍ പെട്രോള്‍ ഒഴിച്ച്‌ ആത്മഹത്യക്ക് ശ്രമിച്ചിട്ടുള്ളതായി നാട്ടുകാർ പറയുന്നു. റഫീക്കിന് മാനസിക പ്രശ്നങ്ങളുള്ളതായും പറയപ്പെടുന്നു. പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും.

Post a Comment

Previous Post Next Post