മിക്ക കുട്ടികളുടെയും ജീവിതത്തിലെ ആദ്യത്തെ വലിയ കടമ്പയായിട്ടാണ് എസ്‌എസ്‌എല്‍സി (SSLC) പരീക്ഷയെ കാണുന്നത്. ഇക്കൊല്ലത്തെ പരീക്ഷ പടിവാതില്‍ക്കല്‍ എത്തിനില്‍ക്കുകയാണ്.
സ്വഭാവികമായും പരീക്ഷ എന്ന വാക്കിനോടൊപ്പം അല്പം പേടിയും ആശങ്കയും മനസ്സിലേക്ക് ഓടിയെത്തിയേക്കാം. ശരിയായ പഠനരീതിയിലൂടെ മുന്നോട്ട് പോയാല്‍ എല്ലാ വിഷയങ്ങള്‍ക്കും ഫുള്‍ എ പ്ലസ് നേടുക എന്നത് അനായസമായ കാര്യമാണ്. അത്തരത്തില്‍ നിങ്ങള്‍ വിദ്യാർത്ഥികള്‍ പരീക്ഷയ്ക്ക് മുമ്പായി അറിഞ്ഞിരിക്കേണ്ട ചില പഠനരീതികള്‍ എന്തെല്ലാമെന്ന് നമുക്ക് നോക്കാം.
ടൈംടേബിള്‍ നിർബന്ധമാക്കുക
പഠിക്കാൻ ഇരിക്കുന്നതിന് മുമ്പായി എല്ലാ വിഷയങ്ങള്‍ക്കും തുല്യ പ്രാധാന്യം നല്‍കിക്കൊണ്ട് ഒരു പഠനക്രമം നിങ്ങള്‍ തന്നെ തയ്യാറാക്കുക. പ്രയാസമുള്ള വിഷയങ്ങള്‍ (ഉദാഹരണത്തിന് കണക്ക്, ഫിസിക്സ്) രാവിലെ ഉന്മേഷമുള്ളപ്പോള്‍ തന്നെ പഠിക്കാൻ ശ്രമിക്കണം. ഓരോ ഒരു മണിക്കൂർ പഠനത്തിന് ശേഷവും 10 മിനിറ്റ് വിശ്രമം നല്‍കുന്നത് തലച്ചോറിന് കൂടുതല്‍ കാര്യങ്ങള്‍ ഓർത്തുവെക്കാൻ സഹായിക്കുന്ന രീതിയാണ്. അതിനാല്‍ ഇടവേളകളുടെ കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ച്ചയും അരുത്.മുൻവർഷ ചോദ്യപേപ്പറുകള്‍ പരിശീലിക്കുക
എസ്‌എസ്‌എല്‍സി പരീക്ഷയില്‍ പല ചോദ്യങ്ങളും പല വർഷങ്ങളിലായി ആവർത്തിച്ചു വരാറുണ്ട്. കഴിഞ്ഞ അഞ്ച് വർഷത്തെ ചോദ്യപേപ്പറുകള്‍ സമയം കണ്ടെത്തി നിങ്ങള്‍ ചെയ്തു ശീലിക്കുക. ഇത് നിങ്ങളുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കുകയും സമയം എങ്ങനെ ക്രമീകരിക്കണം എന്ന് പഠിപ്പിക്കുകയും ചെയ്യും. ഇത് പരീക്ഷയുടെ സമയത്ത് ഏറെ ഗുണം ചെയ്യുന്ന ഒരു ശീലമാണ്.
നോട്ട്സ് തയ്യാറാക്കുക
ഓരോ പാഠഭാഗവും വായിക്കുമ്പോള്‍ അതിലെ പ്രധാന പോയിൻ്റുകള്‍, വർഷങ്ങള്‍ എന്നിവ ചെറിയ കുറിപ്പുകളായി എഴുതി വയ്ക്കാൻ ശ്രമിക്കുക. പരീക്ഷയുടെ തലേദിവസം വലിയ പാഠപുസ്തകങ്ങള്‍ മുഴുവൻ വായിക്കുന്നതിന് പകരം ഈ നോട്ട്സ് നോക്കുന്നത് സമയം ലാഭിക്കാനും ടെൻഷൻ ഒഴിവാക്കാനും സഹായിക്കും.
അവതരിപ്പിക്കുന്ന രീതി
ഉത്തരങ്ങള്‍ അറിയാവുന്നത് പോലെ തന്നെ പ്രധാനമാണ് അവ ഭംഗിയായി ഉത്തരക്കടലാസില്‍ അവതരിപ്പിക്കുന്നതും. ഉത്തരങ്ങള്‍ എഴുതുമ്പോള്‍ പോയിന്റുകളായി തിരിച്ച് ഭംഗിയായി അവതരിപ്പിക്കാൻ ശ്രമിക്കണം. ചിത്രങ്ങളും ഡയഗ്രമുകളും പെൻസില്‍ ഉപയോഗിച്ച് തന്നെ കൃത്യമായി വരയ്ക്കുക. വൃത്തിയുള്ള ഉത്തരക്കടലാസുകള്‍ മൂല്യനിർണ്ണയം നടത്തുന്നവരില്‍ നല്ല സ്വാധീനം ചെലുത്തും.ആരോഗ്യം ശ്രദ്ധിക്കണം
പഠനത്തിനിടയില്‍ ആരോഗ്യം ശ്രദ്ധിക്കാതെ പോകരുത്. ഇരുന്ന ഇരുപ്പില്‍ ദീർഘനേരം പഠിക്കരുത്. പകരം കൃത്യമായ ഇടവേളകള്‍ എടുക്കുക. ധാരാളം വെള്ളം കുടിക്കുക. രാത്രി കുറഞ്ഞത് 6-7 മണിക്കൂർ എങ്കിലും ഉറങ്ങണം. ഉറക്കം ഒഴിഞ്ഞുള്ള പഠനം പരീക്ഷാ ഹാളില്‍ ഉത്തരങ്ങള്‍ ഓർത്തെടുക്കാൻ നിങ്ങളെ ബുദ്ധിമുട്ടിപ്പിക്കും. പരീക്ഷയുടെ സമയത്ത് പോഷകാഹാരങ്ങള്‍ കഴിക്കുക. ജങ്ക് ഫുഡ് പരമാവധി ഒഴിവാക്കുക.
Post a Comment