വന്യമൃഗങ്ങൾക്കായി കാട്ടിൽ തടയണ; പൈതൽമലയിൽ 'മിഷൻ ഫുഡ് ഫോഡർ വാട്ടർ' പദ്ധതിക്ക് തുടക്കം

കണ്ണൂർ: വേനൽ കനക്കുന്നതോടെ വന്യമൃഗങ്ങൾ ജനവാസ കേന്ദ്രങ്ങളിലേക്ക് ഇറങ്ങുന്നത് തടയാൻ ലക്ഷ്യമിട്ട് വനം വകുപ്പ് നടപ്പിലാക്കുന്ന 'മിഷൻ ഫുഡ് ഫോഡർ വാട്ടർ' പദ്ധതിക്ക് പൈതൽമലയിൽ തുടക്കമായി. പദ്ധതിയുടെ ഭാഗമായി പൈതൽമലയിൽ താത്കാലിക തടയണ (ബ്രഷ് വുഡ് ചെക്ക് ഡാം) നിർമ്മിച്ചു. കണ്ണൂർ വനം ഡിവിഷൻ തളിപ്പറമ്പ് റെയിഞ്ച് കരാമരം തട്ട് സെക്ഷൻ പരിധിയിൽ വരുന്ന പുറത്തൊട്ടി പൈതൽമലയിലാണ് ഈ മാതൃകാപരമായ പ്രവർത്തനം നടന്നത്.
ഭക്ഷണവും വെള്ളവും തേടിയാണ് വന്യമൃഗങ്ങൾ പ്രധാനമായും മലയോര മേഖലയിലെ കൃഷിഭൂമിയിലേക്ക് ഇറങ്ങുന്നത്. വന്യജീവികൾക്ക് ആവശ്യമായ വിഭവങ്ങൾ കാട്ടിൽ തന്നെ നിലനിർത്തുന്നതിലൂടെ വന്യമൃഗ ശല്യം കുറയ്ക്കാൻ സാധിക്കുമെന്നാണ് വനം വകുപ്പിന്റെ കണക്കുകൂട്ടൽ.കാട്ടിലെ ചെറിയ ഉറവച്ചാലുകൾ വൃത്തിയാക്കി പാഴ്ത്തടികളും ചെളിയും പുല്ലും ഉപയോഗിച്ച് തടഞ്ഞുനിർത്തിയാണ് വെള്ളം സംഭരിക്കുന്നത്.
തളിപ്പറമ്പ് റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ സനൂപ് കൃഷ്ണന്റെ നേതൃത്വത്തിൽ നടന്ന നിർമ്മാണ പ്രവർത്തനങ്ങളിൽ ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ രജനീഷ് സി.പി, മനോജ്‌ വർഗീസ്, ഷമീന പി.എച്ച്, നികേഷ് വെമ്പിരിഞ്ഞൻ, അരുൺ കെ, മനോജ്‌ ഇ, ശ്രുതി എന്നിവരും പങ്കെടുത്തു. ഫയർ വാച്ചർമാരും ടൂറിസം ഗൈഡ്മാരും പദ്ധതിയുടെ ഭാഗമായി. വേനൽക്കാലത്ത് കാട്ടുതീ പ്രതിരോധിക്കുന്നതിനും ഈ തടയണകൾ സഹായകരമാകും.

Post a Comment

Previous Post Next Post