വിഴുങ്ങിയത് മാല മാത്രമല്ല, കമ്മലും! കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ കഴിയുന്ന യുവതിയുടെ വയറ്റില്‍ സ്വര്‍ണക്കമ്മല്‍കൂടി കണ്ടെത്തി


കോഴിക്കോട്: നിലമ്പൂരില്‍ കുട്ടിയുടെ കഴുത്തില്‍നിന്ന് തട്ടിപ്പറിച്ച സ്വർണമാല വിഴുങ്ങി കോഴിക്കോട് ഗവ.മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിരീക്ഷണത്തില്‍ കഴിയുന്ന യുവതിയുടെ വയറ്റില്‍ ഒരു സ്വർണക്കമ്മല്‍കൂടി കണ്ടെത്തിയതായി വിവരം.
കുട്ടിയുടെ കഴുത്തിലെ 3.5 ഗ്രാം തൂക്കമുള്ള സ്വർണമാല മോഷ്ടിച്ച്‌ വിഴുങ്ങിയ മുക്കട്ടയില്‍ താമസിക്കുന്ന പാലേമാട് കല്ലൻകുന്നൻ സമീന (35) യെയാണ് കഴിഞ്ഞ വ്യാഴാഴ്ച മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചത്.
മാല വീണ്ടെടുക്കാനായി നടത്തിയ എക്സ്റേ പരിശോധനയിലാണ് വയറ്റില്‍ മാലയ്ക്ക് പുറമെ ഒരു സ്വർണ്ണക്കമ്മല്‍ കൂടി ഉള്ളതായി ഡോക്ടർമാർ കണ്ടെത്തിയത്. ഇത് മറ്റെവിടെ നിന്നെങ്കിലും മോഷ്ടിച്ചതാണോ എന്ന് പൊലീസ് സംശയിക്കുന്നു.
വയറിളക്കി മാല വീണ്ടെടുക്കാനുള്ള ശ്രമം ശനിയാഴ്ചയും ഫലം കണ്ടില്ല. കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്ത പ്രതിയെ തൊണ്ടിമുതല്‍ കണ്ടെത്തുന്നതിനായി പൊലീസ് കസ്റ്റഡിയില്‍ വാങ്ങുകയായിരുന്നു. 16ന് കസ്റ്റഡി കാലാവധി അവസാനിക്കും.

Post a Comment

Previous Post Next Post