തിരുവനന്തപുരം: സംസ്ഥാനത്തെ എസ്‌ഐആർ അന്തിമ വോട്ടർപട്ടിക കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ പ്രസിദ്ധീകരിച്ചു. 2,69,53,644 കോടി വോട്ടർമാരാണ് പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ളത്.വോട്ടർമാർക്ക് തങ്ങളുടെ പേര് പട്ടികയില്‍ ഉണ്ടോ എന്ന് ഓണ്‍ലൈനായി പരിശോധിക്കാൻ കഴിയും. ബുത്ത് തലത്തിലുള്ള പിഡിഎഫ് ആണ് ലഭ്യമാവുക. പേര് പരിശോധിക്കേണ്ടത് എങ്ങനെയെന്നും വോട്ടർ പട്ടികയുടെ വിശദാംശങ്ങളും പരിശോധിക്കാം.
2.69 കോടി വോട്ടർമാർ
2,69,53,644 വോട്ടർമാരാണ് അന്തിമപട്ടികയിലുള്ളത്. ഇതില്‍ 1,31,26,048 പേർ പുരുഷൻമാരാണ്. 1,38,27,319 പേർ സ്ത്രീകളും. 277 ട്രാൻസ്ജെൻഡർ വോട്ടർമാരുണ്ട്. 2.78 കോടി വോട്ടർമാരാണ് എസ്‌ഐആർ നടപടി ആരംഭിച്ചപ്പോള്‍ സംസ്ഥാനത്തുണ്ടായിരുന്നത്. 24.08 ലക്ഷം പേരെ ഒഴിവാക്കി കരട് പട്ടിക തയ്യാറാക്കിയപ്പോള്‍ വോട്ടർമാർ 2.54 കോടിയായിരുന്നു. 36.88 ലക്ഷംപേരെ നോട്ടീസ് നല്‍കി ഹിയറിങ്ങിന് വിധേയരാക്കി. ഇതില്‍നിന്ന് അനർഹരായ 53,229 പേരെകൂടി ഒഴിവാക്കി.
ഏറ്റവും കൂടുതല്‍ വോട്ടർമാർ മലപ്പുറം ജില്ലയിലെ തിരൂരാണ്, 2,52,575 പേർ. 1,26,597 പുരുഷ വോട്ടർമാരും 1,25,965 സ്ത്രീ വോട്ടർമാരും 13 ട്രാൻസ്ജെൻഡർ വോട്ടർമാരും ഇവിടെയുണ്ട്. എറണാകുളം ജില്ലയിലെ എറണാകുളം നിയോജക മണ്ഡലത്തിലാണ് കുറവ് വോട്ടർമാർ, 1,33,884 പേരാണ് എറണാകുളത്ത്. 64,470 പുരുഷ വോട്ടർമാരും 69,411 സ്ത്രീ വോട്ടർമാരും മൂന്ന് ട്രാൻസ്ജെൻഡറും ഉള്‍പ്പെടെയാണിത്. കൂടുതല്‍ വോട്ടർമാരുള്ള ജില്ല മലപ്പുറമാണ്. 36,15,970 പേർ. കുറവ് വയനാടും, 6,40,947 വോട്ടർമാർ.പട്ടികയില്‍ പേരുണ്ടോ എന്ന് എങ്ങനെ പരിശോധിക്കാം
വോട്ടർമാർക്ക് പട്ടികയില്‍ പേരുണ്ടോ എന്ന് ഓണ്‍ലൈനിലൂടെ പരിശോധിക്കാൻ കഴിയും. അതിനായി https://electoralsearch.eci.go v.in/ എന്ന പേജില്‍ പ്രവേശിച്ച് സെർച്ച് ബൈ എപിക് എന്ന ഓപ്‌ഷൻ തെരഞ്ഞെടുക്കുക. തുടർന്ന്, ഭാഷ തെരഞ്ഞെടുക്കുകയും എപിക് നമ്പർ നല്‍കുകയും സംസ്ഥാനം തെരഞ്ഞെടുക്കുകയും ചെയ്യണം. താഴെ വരുന്ന 'കാപ്‌ച' നല്‍കിയാല്‍ എസ്‌ഐആർ പട്ടികയിലെ പേര് ലഭിക്കും.
ഇതേ പേജില്‍ തന്നെ 'സെർച്ച് ബൈ ഡിറ്റൈല്‍സ്' എന്ന ഓപ്ഷൻ വഴിയും പേര് പരിശോധിക്കാം. സംസ്ഥാനം, ഭാഷ, വോട്ടറുടെ പേര്, വയസ്സ് അല്ലെങ്കില്‍ ജനന തീയതി എന്നിവ ആദ്യം നല്‍കണം. അടുത്ത കോളത്തില്‍ വോട്ടർപ്പട്ടികയിലെ ബന്ധുവിൻ്റെ പേരും സ്ത്രീയാണോ പുരുഷനാണോ എന്നും നല്‍കുക. പിന്നീട് ജില്ലയും അസംബ്ലി മണ്ഡലവും കാപ്ചയും നല്‍കിയാല്‍ പട്ടികയിലെ പേര് വിവരങ്ങള്‍ ലഭ്യമാകും.
മൂന്നാമത്തെ ഓപ്ഷൻ 'സെർച്ച് ബൈ മൊബൈല്‍' ആണ്. വോട്ടർ പട്ടികയുമായി മൊബൈല്‍ ഫോണ്‍ നമ്പർ ബന്ധിപ്പിച്ചവർക്ക് മാത്രമേ ഈ രീതിയില്‍ വിവരം അറിയാൻ കഴിയൂ. സംസ്ഥാനം തെരഞ്ഞെടുത്ത് മൊബൈല്‍ ഫോണ്‍ നമ്പറും ക്യാപ്‌ചയും നല്‍കിയാല്‍ മൊബൈല്‍ ഫോണിലേക്ക് ഒടിപി എത്തും. ഇത് ടൈപ്പ് ചെയ്ത് നല്‍കിയാല്‍ എസ്‌ഐആർ പട്ടികയിലെ പേര് വിവരങ്ങള്‍ ലഭ്യമാകും.
Post a Comment